ദില്ലി: ഒരു സമയത്ത് ഇന്ത്യയുടെ ഭാവി വിക്കറ്റ് കീപ്പറെന്ന് പറയപ്പെടുന്ന ലിസ്റ്റില്‍ പാര്‍ത്ഥിവ് പട്ടേലിന്റെ പേര് മുന്നിലുണ്ടായിരുന്നു. ദിനേശ് കാര്‍ത്തിക്, പാര്‍ത്ഥിവ് എന്നിവരുടെ പേരുകളാണ് കേട്ടിരുന്നത്. എന്നാല്‍ ഇതിനിടയിലൂടെ ധോണി അരങ്ങേറ്റം കുറിക്കുകയും സ്ഥാനമുറപ്പിക്കുകയും ചെയ്തു. ഇതോടെ പാര്‍ത്ഥിവിനും കാര്‍ത്തികിനും അവസരം കുറഞ്ഞു. വൃദ്ധിമാന്‍ സാഹയും ഋഷഭ് പന്തും കൂടി എത്തിയതോടെ പാര്‍ത്ഥിവും കാര്‍ത്തികും പുറത്തായി..

ഇപ്പോള്‍ കരിയറില്‍ നിരാശ തോന്നിയ ഒരു കാര്യം തുറുന്ന് പറഞ്ഞിരിക്കുകയാണ് പാര്‍ത്ഥിവ്. 2007-08ല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതിരുന്നത് നിരാശയുണ്ടാക്കിയെന്നാണ് പാര്‍ത്ഥിവ് പറയുന്നത്. മുന്‍ ഇന്ത്യന്‍ താരം ആര്‍ പി സിംഗുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു പാര്‍ത്ഥിവ്. താരം പറയുന്നതിങ്ങനെ... ''ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ഞാന്‍ രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിന് വേണ്ടി മത്സരിക്കുകയായിരുന്നു. സ്ഥിരം വിക്കറ്റ് കീപ്പറായിരുന്ന ധോണിയായിരുന്നു ക്യാപ്റ്റന്‍. ദിലീപ് വെങ്‌സര്‍ക്കാര്‍ സെലക്ഷന്‍ കമ്മിറ്റിയിലും. വെങ്‌സര്‍ക്കാര്‍ എന്നോട്് പരിശീലനം തുടരാനും പറഞ്ഞിരുന്നു. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ ടീമില്‍ സ്ഥാനമില്ല. അപ്പോള്‍ നിരാശ തോന്നിയിരുന്നു.  

കളിക്കുന്ന എല്ലാ മത്സരങ്ങള്‍ക്കും എന്റെ പരമാവധി നല്‍കണമെന്ന് തീരുമാനിച്ചുറപ്പിച്ച സമയമായിരുന്നത്. ക്യാപ്റ്റന്‍ തന്നെ വിക്കറ്റ് കീപ്പറായിരിക്കുന്ന ടീമില്‍ ആദ്യ വിക്കറ്റ് കീപ്പറായി സ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പാണ്. എന്നാല്‍ സെക്കന്‍ഡ് വിക്കറ്റ് കീപ്പറായിരുന്നെങ്കിലെന്ന് ആശിച്ചിരുന്നു.'' പാര്‍ത്ഥിവ് പറഞ്ഞുനിര്‍ത്തി. 

ഇന്ത്യക്ക് വേണ്ടി 25 ടെസ്റ്റിലും 38 ഏകദിനത്തിലും പാര്‍ത്ഥിവ് കളിച്ചിട്ടുണ്ട്. 2002ല്‍ 17 വയസും 153 ദിവസവും പ്രായമുള്ളപ്പോള്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അരങ്ങേറ്റം. ടെസ്റ്റ് കളിക്കുന്ന പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറെന്ന് റെക്കോഡ് പാര്‍ത്ഥിവിനായിരുന്നു.