ദില്ലി: ഫിറോസ് ഷാ കോട്‍ല സ്റ്റേഡിയം ഇനി മുതൽ അരുണ്‍ ജയ്റ്റ്‍ലി സ്റ്റേഡിയം എന്നറിയപ്പെടും. ദില്ലി ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും , ജെയ്‍റ്റ്‍ലിയുടെയും കുടുംബവും ചേർന്നാണ് സ്റ്റേഡിയത്തിന് പുനര്‍നാമകരണം നടത്തിയത്.

ഒട്ടനവധി ഐതിഹാസിക മത്സരങ്ങൾക്ക് വേദിയായിട്ടുള്ള ഫിറോസ് ഷാ കോട്‍ല സ്റ്റേഡിയം ഇനി മുതൽ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയം എന്നറിയപ്പെടും. അന്തരിച്ച് മുൻ കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്ലിയോടുള്ള ആദരസൂചകമായാണ് ഫിറോസ് ഷാ കോട്‍ലയുടെ പേര് മാറ്റാൻ തീരുമാനിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങളുടെയും, മുൻ താരങ്ങളുടെയും സാന്നിധ്യത്തിലാണ് സ്റ്റേഡിയത്തിന് ജയ്റ്റ്ലിയുടെ പേര് നൽകിയത്.

സ്റ്റേഡിയത്തിന്‍റെ ഒരു പവലിയന് ദില്ലി സ്വദേശി കൂടിയായ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയുടെ പേരും നൽകി. ദില്ലിക്ക് വേണ്ടി കളിച്ച പുരുഷ വനിത താരങ്ങളെയും ചടങ്ങിൽ ആദരിച്ചു. നാല് വർഷം ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രസിഡന്‍റായിരുന്നു അരുണ്‍ ജയ്റ്റ്ലി. 

ഇക്കാലത്താണ് സ്റ്റേഡിയത്തെ ആധുനികവൽക്കരിച്ചതും, ലോകോത്തര നിലവാരമുള്ള ഡ്രസ്സിംഗ് റൂമുകൾ നിർമ്മിച്ചതും. 1883ൽ പണിത ഫിറോസ് ഷാ കോട്‍ല , കൊക്കത്തയിലെ ഈഡൻ ഗാർഡൻസ് കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ക്രിക്കറ്റ് സ്റ്റേഡിയം കൂടിയാണ്. പ്രൗഢഗംഭീരമായ പരിപാടിയാണ് ദില്ലി ക്രിക്കറ്റ് അസോസിയേഷൻ ഒരുക്കിയത്.