സിഡ്നി: ഫീല്‍ഡിംഗ് മികവില്‍ പല അസാമാന്യ റണ്ണൗട്ടുകളും ആരാധകര്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലൊരെണ്ണം അപൂര്‍വതയായിരിക്കും. ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സും പെര്‍ത്ത് സ്കോര്‍ച്ചേഴ്സും തമ്മിലുള്ള മത്സരത്തിലാണ് ബൗണ്ടറിയില്‍ നിന്ന് ബൗള്‍ ചെയ്ത ഓസീസ് പേസര്‍ കൂടിയായ ജേ റിച്ചാര്‍ഡ്സണ്‍ സ്ട്രൈക്കേഴ്സിന്റെ ജേക്ക് വെതര്‍ലാന്‍ഡിനെ റണ്ണൗട്ടാക്കിയത്.

43 പന്തില്‍ 87 റണ്‍സുമായി തകര്‍പ്പന്‍ ഫോമിലായിരുന്ന വെതര്‍ലാന്‍ഡ് രണ്ടാം റണ്ണിനായുള്ള ശ്രമത്തിലാണ് ആന്‍ഡേഴ്സന്റെ ബൗളിംഗ് ത്രോയില്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ റണ്ണൗട്ടായത്. പതിനഞ്ചാം ഓവറില്‍ ക്രിസ് ജോര്‍ദാന്റെ പന്തില്‍ ബാക്‌വേര്‍ഡ് സ്ക്വയര്‍ ലെഗ്ഗിലേക്ക് അടിച്ച വെതര്‍ലാന്‍ഡ് രണ്ടാം റണ്ണിനായി ഓടി.

ബൗണ്ടറി ലൈനിനരികില്‍ പന്ത് കൈയിലെടുത്ത ബൗളര്‍ കൂടിയായ റിച്ചാര്‍ഡ്സണ്‍ വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് ബൗളിംഗ് ആക്ഷനില്‍ തന്നെ ത്രോ ചെയ്തു. റിച്ചാര്‍ഡ്സന്റെ കൃത്യമായ ത്രോ കലക്ട് ചെയ്ത വിക്കറ്റ് കീപ്പര്‍ വെതര്‍ലാന്‍ഡിനെ റണ്ണൗട്ടാക്കുകയും ചെയ്തു. എന്തായാലും മത്സരത്തില്‍ സ്ട്രൈക്കേഴ്സ് 15 റണ്‍സിന് ജയിച്ചു.