കൊല്‍ക്കത്ത: പിങ്ക് ബോൾ ടെസ്റ്റിന്റെ വിജയം വ്യക്തിപരമായ നേട്ടം അല്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. കൂടുതൽ ഡേ ആൻഡ് നൈറ്റ് ടെസ്റ്റുകൾ നടത്തണോ എന്ന് തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്നും ഗാംഗുലി കൊൽക്കത്തയിൽ പറഞ്ഞു. 

ഒരാഴ്‌ചയിലധികമായി ഊണും ഉറക്കവും വിട്ടുള്ള അധ്വാനം വെറുതെയായില്ല എന്ന സന്തോഷത്തിലായിരുന്നു ഈഡന്‍ ഗാര്‍ഡന്‍സില്‍ സൗരവ് ഗാംഗുലി. പകല്‍-രാത്രി ടെസ്റ്റിന് വിരാട് കോലിയെ സമ്മതിപ്പിച്ചതടക്കമുള്ള കാര്യത്തില്‍ ദാദയുടെ മികവിന് ഏവരും കയ്യടിക്കുമ്പോഴും വിജയത്തിന്‍റെ ക്രഡിറ്റ് തനിക്ക് മാത്രമല്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ പറയുന്നു. 

"ബിസിസിഐക്കാണ് ക്രഡിറ്റ് മുഴുവന്‍. ഞാനൊരു അംഗം മാത്രമാണ്". പിങ്ക് ബോള്‍ ടെസ്റ്റിന്‍റെ ആദ്യത്തെ നാല് ദിവസത്തെ ടിക്കറ്റുകളും വിറ്റുകഴിഞ്ഞിരുന്നു എന്നുപറഞ്ഞ ദാദ കൂടുതല്‍ പകല്‍-രാത്രി മത്സരങ്ങള്‍ വേണമോയെന്ന് തീരുമാനിക്കേണ്ടത് ബിസിസിഐ ഒറ്റക്കെട്ടായാണെന്നും വ്യക്തമാക്കി. പരമ്പരയില്‍ പേസര്‍മാര്‍ പുറത്തെടുത്ത മികവില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് അഭിമാനിക്കാമെന്ന് പറഞ്ഞ ദാദ, ലോകത്തെ ഏറ്റവും മികച്ച ടീമിനോട് പരാജയപ്പെട്ടതില്‍ ബംഗ്ലാദേശ് ലജ്ജിക്കേണ്ടതില്ലെന്നും വ്യക്തമാക്കി.

അടുത്ത ഞായറാഴ്‌ച നടക്കുന്ന ബിസിസിഐ ജനറല്‍ ബോര്‍ഡ് യോഗത്തിന്‍റെ തിരക്കുകളിലാവും ഇനി സൗരവ് ഗാംഗുലി. ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റിനോട് മുഖം തിരിച്ചിരുന്ന ടീം ഇന്ത്യയുടെയും നായകന്‍ വിരാട് കോലിയുടെയും നിലപാട് മാറിയത് സൗരവ് ഗാംഗുലി ബിസിസിഐ അധ്യക്ഷനായതോടെയാണ്.