തമിഴ്നാട് നിയമസഭാ സ്പീക്കർ സ്ഥാനത്തേക്ക് തമിഴക വെട്രി കഴകം (ടിവികെ) മുതിർന്ന നേതാവായ ജെസിഡി പ്രഭാകറിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചു. പരിചയസമ്പന്നനായ പ്രഭാകറിനെ തിരഞ്ഞെടുക്കുന്നതിലൂടെ സഭാ നടപടികൾ സുഗമമാക്കാമെന്നാണ് വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ ലക്ഷ്യമിടുന്നത്. തുറയൂർ എംഎൽഎ എം രവിശങ്കറാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥി
ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കരുതലോടെ നീങ്ങി വിജയ്. ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ (ടി വി കെ) സ്ഥാനാർത്ഥിയായി മുതിർന്ന നേതാല് ജെ സി ഡി പ്രഭാകറിനെ നിശ്ചയിച്ചു. ചെന്നൈയിലെ തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിൽ നിന്നുള്ള എം എൽ എയായ അദ്ദേഹം, നാമനിർദ്ദേശ പത്രിക നിയമസഭാ സെക്രട്ടറിക്ക് കൈമാറി. വിജയ് സർക്കാരിന്റെ കീഴിൽ നിയമസഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് പരിചയസമ്പന്നനായ പ്രഭാകറിനെ എത്തിക്കുന്നതിലൂടെ അനായാസം വിജയിച്ച്, സഭാ നടപടികൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാമെന്നാണ് ടി വി കെ കണക്കുകൂട്ടുന്നത്. ദശാബ്ദങ്ങളായുള്ള രാഷ്ട്രീയ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് പ്രഭാകർ. 1980 ൽ തന്റെ 28 -ാം വയസ്സിൽ വില്ലിവാക്കം മണ്ഡലത്തിൽ നിന്നും എ ഐ എ ഡി എം കെ ടിക്കറ്റിലാണ് ആദ്യമായി നിയമസഭയിലെത്തിയത്. എ ഐ എ ഡി എം കെയിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒ പനീർസെൽവത്തിന്റെ വിശ്വസ്തനുമായിരുന്ന അദ്ദേഹം, 2026 ജനുവരിയിലാണ് വിജയ്യുടെ ടി വി കെയിൽ ചേർന്നത്.

അനുഭവ സമ്പത്ത് സഭയിൽ ഗുണമാകും
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെന്നൈയിലെ തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിൽ നിന്നും ഡി എം കെയുടെ എഴിലൻ നാഗനാഥനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം വീണ്ടും നിയമസഭയിലെത്തിയത്. ടി വി കെയിലെ മുതിർന്ന നേതാക്കളിൽ ഒരാളായതിനാലും സഭാ നടപടികളിലുള്ള പരിചയസമ്പത്ത് കണക്കിലെടുത്തുമാണ് സ്പീക്കർ സ്ഥാനത്തേക്ക് അദ്ദേഹത്തെ എത്തിക്കാൻ വിജയ് തീരുമാനിച്ചിരിക്കുന്നത്. 73 വയസ്സുകാരനായ അദ്ദേഹം പാർട്ടിയിലെ ഒരു പ്രധാന മുഖമാണ്. പ്രതിപക്ഷ നിരയെ നയിക്കാൻ മുൻ ഉപ മുഖ്യമന്ത്രിയായ ഉദയനിധി സ്റ്റാലിൻ എത്തുന്ന സാഹചര്യത്തിൽ ഈ തിരഞ്ഞെടുപ്പ് രാഷ്ട്രീയമായി ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. തുറയൂർ എം എൽ എ എം രവിശങ്കറാണ് ടി വി കെയുടെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥി.
