സെഞ്ചൂറിയന്‍: ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്. ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്‌സില്‍ 181 പുറത്താക്കിയ ആതിഥേയര്‍ 103 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 284 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 181ന് പുറത്തായി. പിന്നാലെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒന്നിന് ഒമ്പത് എന്ന നിലയിലാണ് അവര്‍. 

എയ്ഡന്‍ മാര്‍ക്രത്തിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ജയിംസ് ആന്‍ഡേഴ്‌സണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. ഡീന്‍ എല്‍ഗാര്‍ (5), സുബൈര്‍ ഹംസ (2) എന്നിവരാണ് ക്രീസില്‍. നേരത്തെ വെര്‍ണോന്‍ ഫിലാന്‍ഡറുടെ നാല് വിക്കറ്റ് പ്രകടനമാണ് സന്ദര്‍ശകരെ തകര്‍ത്തത്. കംഗിസോ റബാദ മൂന്നും ആന്റിച്ച് നോര്‍യെ രണ്ടും കേശവ് മഹാരാജ്, ഡ്വെയ്ന്‍ പ്രിട്ടോറിയൂസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

50 റണ്‍സ് നേടിയ ജോ ഡെന്‍ലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ജോ റൂട്ട് (29) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ബെന്‍ സ്‌റ്റോക്‌സ് 35 റണ്‍സെടുത്തു.