കറാച്ചി: പാകിസ്ഥാനെതിരെ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്. കറാച്ചിയില്‍ നടക്കുന്ന ടെസ്റ്റില്‍ ആതിഥേയര്‍ ഉയര്‍ത്തിയ 191നെതിരെ ശ്രീലങ്ക 271 റണ്‍സ് നേടി. ഒന്നാം ഇന്നിങ്‌സില്‍ 80 റണ്‍സിന്റെ ലീഡാണ് ലങ്ക നേടിയത്. 74 റണ്‍സ് നേടിയ ദിനേശ് ചാണ്ഡിമലാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി അഞ്ച് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് അബ്ബാസിന് നാല് വിക്കറ്റുണ്ട്. 

മൂന്നിന് 64 എന്ന നിലയിലാണ് ശ്രീലങ്ക രണ്ടാം ദിനം ആരംഭിച്ചത്. 13 റണ്‍സ് വീതം നേടിയ എയ്ഞ്ചലോ മാത്യൂസ്, ലസിത് എംബുല്‍ഡെനിയ എന്നിവര്‍ പെട്ടന്ന് മടങ്ങി. പിന്നീട് ഒത്തുച്ചേര്‍ന്ന ചാണ്ഡിമല്‍- ധനഞ്ജയ ഡി സില്‍വ (32) സഖ്യമാണ് ലങ്കയ്ക്ക് തുണയയാത്. വാലറ്റത്ത് ദില്‍റുവന്‍ പെരേരയുടെ (48) പ്രകടനം കൂടിയായപ്പോള്‍ ശ്രീലങ്ക സുരക്ഷിത തീരത്തെത്തി.

നേരത്തെ ബാബര്‍ അസം (60), ആസാദ് ഷഫീഖ് (63) എന്നിവരുടെ ഇന്നിങ്‌സാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്ന രക്ഷിച്ചത്. ലാഹിരു കുമാര, എംബുല്‍ഡെനിയ എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.