ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന് ഓവലില്‍ സമാപനമായി. ആഷസ് ഓസ്‌ട്രേലിയ നിലനിര്‍ത്തിയപ്പോള്‍ ഓവല്‍ ടെസ്റ്റിലെ വിജയവുമായി ഇംഗ്ലണ്ട് പരമ്പരയില്‍ സമനില(2-2) പിടിച്ചു. വാശിയേറിയ പോരാട്ടമെന്ന ഖ്യാതി കൈവിടാതെയാണ് ഇക്കുറിയും ആഷസ് ക്രിക്കറ്റ് പിച്ചിനെ ചൂടുപിടിപ്പിച്ചത്. ഇക്കുറി ആഷസിനെ ശ്രദ്ധേയമാക്കിയത് എന്തൊക്കെയാണെന്ന് നോക്കാം.

1. സ്‌മിത്തിന്‍റെ തിരിച്ചുവരവ്

'പന്ത് ചുരണ്ടല്‍' വിവാദത്തില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിട്ടശേഷം തിരിച്ചെത്തിയ സ്റ്റീവ് സ്‌മിത്ത് ആഷസില്‍ റണ്‍മഴ പെയ്യിച്ചു. ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്ന് 110.74 ശരാശരിയില്‍ 774 റണ്‍സ്. ഇംഗ്ലീഷ് കാണികളുടെ കൂവിവിളിയെ മറികടന്ന് സ്‌മിത്ത് നേടിയത് മൂന്ന് സെഞ്ചുറി. ടെസ്റ്റ് റാങ്കിംഗില്‍ സ്‌മിത്ത് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തു.

2. കിംഗ് ബെന്‍ സ്റ്റോക്‌സ്

ഓസീസിന് സ്‌മിത്തെങ്കില്‍ ഇംഗ്ലണ്ടിന് സ്റ്റോക്‌സ്. ഓള്‍റൗണ്ട് മികവുമായി സ്റ്റോക്‌സ് ലോകകപ്പിന് ശേഷം ഒരിക്കല്‍ കൂടി ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകള്‍ ചുമലിലേറ്റി. ഈ ആഷസില്‍ ഇംഗ്ലണ്ടിന്‍റെ ഉയര്‍ന്ന റണ്‍വേട്ടക്കാരനാണ് സ്റ്റോക്‌സ്. 

3. കമ്മിന്‍സും സംഘവും

മിച്ചല്‍ സ്റ്റാര്‍ക്ക് മിക്ക മത്സരങ്ങളിലും പുറത്തിരുന്നപ്പോഴും ഓസീസ് പേസ് ആക്രമണം നിറംമങ്ങുന്നത് ആഷസില്‍ കണ്ടില്ല. പാറ്റ് കമ്മിന്‍സ് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇംഗ്ലണ്ട് വെള്ളംകുടിച്ചു. കമ്മിന്‍സ് 29ഉം ഹേസല്‍വുഡ് 20ഉം വിക്കറ്റ് നേടി.

4. ആര്‍ച്ചര്‍ യുഗാരംഭം


ജോഫ്ര ആര്‍ച്ചറായിരുന്നു ആഷസ് തുടങ്ങും മുന്‍പ് വാര്‍ത്തകളിലെ താരം. ലോകകപ്പിലെ മികവ് ആഷസിലും തുടര്‍ന്ന് ആര്‍ച്ചര്‍ പ്രതീക്ഷ കാത്തു. പരമ്പരയില്‍ 22 വിക്കറ്റ് നേടിയ താരം രണ്ട് തവണ ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കി. സ്‌മിത്ത്- ആര്‍ച്ചര്‍ പോരും ആഷസിനെ ശ്രദ്ധേയമാക്കി. 

5. പാളിയ ഓപ്പണിംഗ്

ഈ ആഷസില്‍ ഇരു ടീമിന്‍റെയും ഓപ്പണര്‍മാര്‍ക്ക് കാര്യമായ കൂട്ടുകെട്ടുണ്ടാക്കാനായില്ല. 20 ഇന്നിംഗ്‌സുകളില്‍ നിന്നായി 50 റണ്‍സ് കൂട്ടുകെട്ട് പിറന്നത് ഒരേയൊരു തവണ.  ഓസീസ് നിരയില്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ ഇംഗ്ലീഷ് പേസര്‍ ബ്രോഡിന്‍റെ സ്ഥിരം ഇരയായി. ഇംഗ്ലീഷ് ഓപ്പണര്‍ ജാസന്‍ റോയ് മറ്റൊരു പരാജയം.