ഓപ്പണിംഗ് ജോഡിയെ മടക്കിയയച്ചാണ് സിംബാബ്‌വെ തുടങ്ങിയത്. സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സ് മാത്രമുള്ളപ്പോള്‍ ജോയ്‌ലോര്‍ഡ് ഗുംബിയെ (3) ഗസന്‍ഫാര്‍ പുറത്താക്കി.

ഹരാരെ: സിംബാബ്‌വെയെ തകര്‍ത്തെറിഞ്ഞ് അഫ്ഗാനിസ്ഥാന്റെ അത്ഭുത സ്പിന്നര്‍ അല്ലാഹ് ഗസന്‍ഫാര്‍. 18കാരന്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ മൂന്നാം ഏകദിനത്തില്‍ സിംബാബ്‌വെ 30.1 ഓവറില്‍ 127 റണ്‍സിന് എല്ലാവരും പുറത്തായി. 60 റണ്‍സ് നേടിയ സീന്‍ വില്യംസ് മാത്രമാണ് സിംബാബ്‌വെ നിരയില്‍ തിളങ്ങിയത്. റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഗസന്‍ഫാറിനെ ഐപിഎല്‍ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് 4.8 കോടിക്ക് സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റ് നേടിയ താരം രണ്ടാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ അഫ്ഗാനിസ്ഥാന്‍ 1-0ത്തിന് മുന്നിലാണ്. ആദ്യ ഏകദിനം മഴ മുടക്കിയിരുന്നു.

ഓപ്പണിംഗ് ജോഡിയെ മടക്കിയയച്ചാണ് സിംബാബ്‌വെ തുടങ്ങിയത്. സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സ് മാത്രമുള്ളപ്പോള്‍ ജോയ്‌ലോര്‍ഡ് ഗുംബിയെ (3) ഗസന്‍ഫാര്‍ പുറത്താക്കി. പിന്നാലെ സഹഓപ്പണര്‍ ബെന്‍ കറാനെ (12) താരം മടക്കി. ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിന്‍ (5) അസ്മതുള്ള ഷഹീദിയിുടെ മുന്നില്‍ വീണും. തുടര്‍ന്ന് വില്യംസ് - സിക്കന്ദര്‍ റാസ (13) സഖ്യം 46 റണ്‍സ് ചേര്‍ത്തു. റാസയെ മടക്കിയ റാഷിദ് ഖാന്‍ വീണ്ടും സിംബാബ്‌വെയ്ക്ക് പ്രഹരമേല്‍പ്പിച്ചു. ബ്രയാന്‍ ബെന്നറ്റിനെ (9) കൂടി റാഷിദ് മടക്കി. 

പിന്നീടുള്ള മൂന്ന് വിക്കറ്റുകള്‍ നേടിയ ഗസന്‍ഫാര്‍ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. ഇതിനിടെ വാലറ്റക്കാരെ കൂട്ടുപിടിച്ച് വില്യംസ് സ്‌കോര്‍ 100 കടത്തി. എന്നാല്‍ റാഷിദ് തന്നെ വില്യംസിനെ പുറത്താക്കി. റിച്ചാര്‍ഡ് ഗരാവയാണ് (10) പുറത്തായ മറ്റൊരു താരം. ട്രവര്‍ ഗ്വാന്‍ഡു (1) പുറത്താവാതെ നിന്നു.

രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ ജയം

രണ്ടാം ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന് 232 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് സ്വന്തമാക്കിയത്. ഹരാരെ സ്പോര്‍ട്സ് ക്ലബില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സാണ് നേടിയത്. സെദിഖുള്ള അദല്‍ (104) സെഞ്ചുറി നേടി. അബ്ദുള്‍ മാലിക്കിന് 84 റണ്‍സുണ്ട്. മറുപടി ബാറ്റിംഗില്‍ 17.5 ഓവറില്‍ 54ന് എല്ലാവരും പുറത്താവുകയായിരുന്നു.