സതാംപ്ടണ്‍: പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 583നെതിരെ പാകിസ്ഥാന്‍ 273 എല്ലാവരും പുറത്തായി. 310 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇതോടെ ഇംഗ്ലണ്ട് പാകിസ്ഥാനെ ഫോളോഓണിനയച്ചു. നാലാംദിനം പാകിസ്ഥാന്‍ വീണ്ടും ബാറ്റിങ് ആരംഭിക്കും. ജയിംസ് ആന്‍ഡേഴ്‌സണിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് പാകിസ്ഥാനെ തകര്‍ത്തത്. ഇതോടെ ടെസ്റ്റില്‍ ആന്‍ഡേഴ്‌സണിന്റെ വിക്കറ്റ് നേട്ടം 598 ആയി. മൂന്ന് വിക്കറ്റ് കൂടി നേടിയാല്‍ ഇംഗ്ലീഷ് പേസര്‍ക്ക് മുന്‍ ഓസീസ് താരം ഷെയ്ന്‍ വോണിനെ മറികടക്കാം. സന്ദര്‍ശകര്‍ക്ക് വേണ്ടി ക്യാപ്റ്റന്‍ അസര്‍ അലി (പുറത്താവാതെ 141) സെഞ്ചുറി നേടി. എന്നാല്‍ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 

മൂന്നിന് 24 എന്ന നിലയിലാണ് പാകിസ്ഥാന്‍ ഇന്ന് കളിയാരംഭിച്ചത്. രണ്ടാംദിനം മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു ആന്‍ഡേഴ്‌സണ്‍ മൂന്നാംദിനത്തിലെ ആദ്യ ഓവറില്‍ തന്നെ ബ്രേക്ക് ത്രൂ നല്‍കി. അഞ്ച് റണ്‍സ് മാത്രമെടുത്ത ആസാദ് ഷെഫീഖ് പുറത്ത്. പിന്നാലെയെത്തിയ ഫവാദ് ആലം (21) അല്‍പനേരം പിടിച്ചുനിന്നെങ്കിലും ഡോം ബെസ്സിന് മുന്നില്‍ കീഴടിങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ മുഹമ്മദ് റിസ്‌വാന്‍ (53) ക്യാപ്റ്റനൊപ്പം നടത്തിയ ചെറുത്തുനില്‍പ്പാണ് പാകിസ്ഥാനെ 250 കടത്താന്‍ സഹായിച്ചത്. എന്നാല്‍ റിസ്‌വാനെ ക്രിസ് വോക്‌സ് പുറത്താക്കി. പിന്നീടെത്തിയ ആര്‍ക്കും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. യാസിര്‍ ഷാ (20), ഷഹീന്‍ അഫ്രീദി (3), മുഹമ്മദ് അബ്ബാസ് (1), നസീം ഷാ (0) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ സ്‌കോറുകള്‍. 

21 ബൗണ്ടറികളുടെ സഹായത്തോടെയാണ് അസര്‍ ഇത്രയും റണ്‍സ് നേടിയത്. ആദ്യ രണ്ട് ടെസ്റ്റിലും താരം പരാജയമായിരുന്നു. ഈ പ്രകടനം താരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ആന്‍ഡേഴ്‌സണിന് പുറമെ സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടും ക്രിസ് വോക്‌സ്, ബെസ്സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. നേരത്തെ സാക്ക് ക്രോളി (267), ജോസ് ബട്‌ലര്‍ (152) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചിരുന്നത്. പാകിസ്ഥാനായി അഫ്രീദി, യാസിര്‍ ഷാ, ഫവാദ് ആലം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് ടെസ്റ്റുകളുടെ പരമ്പരിയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരം ഇംഗ്ലണ്ട് ജയിച്ചിരുന്നു. രണ്ടാം ടെസ്റ്റ് മഴ കാരണം പൂര്‍ത്തിയാക്കാനായില്ല.