കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ പകല്‍- രാത്രി ടെസ്റ്റില്‍ എതിരാളികളെ എറിഞ്ഞിട്ട് പേസര്‍മാര്‍. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 106ന് എല്ലാവരും പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ഇശാന്ത് ശര്‍മയാണ് സന്ദര്‍ശകരെ തകര്‍ത്തത്. ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റ് വീഴ്ത്തി.

29 റണ്‍സ് നേടിയ ഷദ്മാന്‍ ഇസ്ലാമാണ് അവരുടെ ടോപ് സ്‌കോറര്‍. 24 റണ്‍സ് നേടിയ ലിറ്റണ്‍ ദാസ് റിട്ടയേര്‍ഡ് ഹര്‍ട്ടായി. അദ്ദേഹത്തിന് പകരക്കാരനായി ഇബാദത്ത് ഹുസൈന്‍ ബാറ്റിങ്ങിന് ഇറങ്ങി. മറുപടി ബാറ്റിങ് ആരംഭിച്ച് ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 13 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മ (6), മായങ്ക് അഗര്‍വാള്‍ (6) എന്നിവരാണ് ക്രീസില്‍.

ബംഗ്ലാദേശ് നിരയില്‍ ഒമ്പത് താരങ്ങള്‍ക്ക് രണ്ടക്കം കാണാന്‍ സാധിച്ചില്ല. ഷദ്മാന്‍ ഇസ്ലാം (29), ഇമ്രുല്‍ കയേസ് (4), മൊമിനുല്‍ ഹഖ് (0), മുഹമ്മദ് മിഥുന്‍ (0), മുഷ്ഫിഖര്‍ റഹീം (0) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ഇശാന്താണ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. കയേസ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. പിന്നാലെ ക്യാപ്റ്റന്‍ മൊമിനുളിനെ ഉമേഷിന്റെ പന്തില്‍ രോഹിത് ശര്‍മ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. 

മിഥുനെ ഉമേഷ് ബൗള്‍ഡാക്കുകയായിരുന്നു. പരിചയസമ്പന്നനായ മുഷ്ഫിഖറിനെ ഷമി വിക്കറ്റ് തെറിപ്പിച്ചു. ഷദ്മാനെ ഉമേഷ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. ഇതിനിടെ ഷമിയുടെ പന്ത് ഹെല്‍മെറ്റിലിടിച്ച് ലിറ്റണ്‍ ദാസ് പുറത്തുപോയി. വാലറ്റത്തെ ഇശാന്ത് ചുരുട്ടികൂട്ടുകയായിരുന്നു. നേരത്തെ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഇന്‍ഡോറില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു.