വിശാഖപട്ടണം: പരിക്കില്ലാതെ കളിക്കുക എന്നതിനാണ് പ്രധാന്യം നല്‍കുന്നതെന്ന് ഇന്ത്യന്‍ പേസര്‍ ദീപക് ചഹാര്‍. അന്താരാഷ്‌ട്ര ടി20യില്‍ ഹാട്രിക് നേടിയ ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് ചഹാര്‍. 

'എന്നെ സംബന്ധിച്ച് ഏകദിന മത്സരങ്ങള്‍ ബുദ്ധിമുട്ടാണ്. ടി20യില്‍ നാല് ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്ത് വിക്കറ്റൊന്നും നേടിയില്ലെങ്കിലും ഭേദപ്പെട്ട പ്രകടനമായി വിലയിരുത്തപ്പെടും. ടെസ്റ്റിലാണെങ്കില്‍ റണ്‍സ് ഏറെ വിട്ടുകൊടുത്താണെങ്കിലും ബാറ്റ്സ്‌മാന്‍മാരെ വിറപ്പിച്ച് വിക്കറ്റെടുക്കാം. എന്നാല്‍ ഏകദിനത്തില്‍ കൃത്യമായ ബാലന്‍സ് കാത്തുസൂക്ഷിക്കണം. അധികം റണ്‍സ് വിട്ടുകൊടുക്കാതിരിക്കുകയും വിക്കറ്റ് നേടുകയും വേണം. അതിനാല്‍ ഏകദിനങ്ങള്‍ കൂടുതല്‍ ശ്രമകരമാണ്. 

ഇന്ത്യ എ ടീമിനൊപ്പം അത്യാവശ്യം ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അത് മികവ് വര്‍ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. മധ്യ ഓവറുകളില്‍ എനിക്ക് പ്രശ്‌നമുണ്ട്. പവര്‍ പ്ലേയില്‍ റണ്‍സൊഴുകുന്നത് തടയുകയും ഡെത്ത് ഓവറുകളില്‍ അതീവ ശ്രദ്ധാലുവുമായിരിക്കണം. എന്നാല്‍ മധ്യ ഓവറുകള്‍ ഒരു പ്രശ്‌നമുണ്ട്. അതിനെ മറികടക്കാനുള്ള ശ്രമങ്ങളിലാണ്. രണ്ട് ഏകദിനങ്ങള്‍ മാത്രമാണ് കളിച്ചത്. അതിനാല്‍ ഇനിയും ഏറെ പഠിക്കാനുണ്ട്' എന്നും ദീപക് ചഹാര്‍ പറഞ്ഞു.  

പരിക്കില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ശ്രമം

ഇന്ത്യന്‍ ടീമിനായി കളിക്കുക എന്നതാണ് കായികതാരമെന്ന നിലയില്‍ ഏവരുടെയും ആഗ്രഹം. ഞാന്‍ ടി20 കളിക്കുന്നുണ്ട്. ഇപ്പോള്‍ ഏകദിനം കളിക്കാനും അവസരം ലഭിക്കുന്നു. ടി20 ലോകകപ്പിന് മുന്‍പ് ഏറെ മത്സരങ്ങള്‍ കളിക്കാനുള്ള അവസരം ലഭിക്കുന്നത് എന്നെ സംബന്ധിച്ച് നല്ലതാണ്. ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നതിലാണ് എന്‍റെ ശ്രദ്ധ. എല്ലാ മത്സരങ്ങള്‍ കളിക്കുകയും സെലക്ഷനായി എപ്പോഴും തയ്യാറായിരിക്കാന്‍ അതിലൂടെ കഴിയും. മുന്‍പ് സംഭവിച്ച പരിക്കുകള്‍ വീണ്ടും ആവര്‍ത്തിക്കില്ല എന്ന് എനിക്കുറപ്പിക്കേണ്ടതുണ്ട്.

രഞ്ജി ട്രോഫിയില്‍ കളിക്കുമ്പോള്‍ 125 കി.മീ വേഗത്തിലാണ് പന്തെറിഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ചില പരിക്കുകള്‍ ബാധിച്ചു. പന്തിന്‍റെ വേഗം കൂട്ടാന്‍ ശ്രമിക്കുന്നതിനാലാണ് പരിക്കേറ്റിരുന്നത്. എന്നാല്‍ ആ വേഗത്തില്‍ ഇന്ത്യന്‍ ടീമിനായി കളിക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞു. അതിനാല്‍ ബൗളിംഗില്‍ ചില മാറ്റങ്ങള്‍ വരുത്തി. കരിയറിന്‍റെ തുടക്കത്തില്‍ സ്വിങിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യോര്‍ക്കറുകള്‍ എറിയാന്‍ ശ്രദ്ധിക്കുന്നതായും' ദീപക് ചഹാര്‍ കൂട്ടിച്ചേര്‍ത്തു.