രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് അടുത്ത മത്സരം. മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിംഗും സഹപരിശീലകരും ടീമിനൊപ്പം തുടരുന്നു.

മൊഹാലി: പഞ്ചാബ് കിംഗ്‌സിന്റെ വിദേശതാരങ്ങളായ സേവ്യര്‍ ബാര്‍ട്‌ലെറ്റ്, അസ്മത്തുള്ള ഒമര്‍സായ്, മിച്ചല്‍ ഓവന്‍ എന്നിവര്‍ തിരിച്ചെത്തുമെന്ന് ഉറപ്പായി. മാര്‍ക്കോ യാന്‍സന്‍, മാര്‍ക്കസ്‌സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ്, ആരോണ്‍ ഹാര്‍ഡീ എന്നിവരുടെ കാര്യത്തില്‍ ഉറപ്പ് കിട്ടിയിട്ടില്ല. മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിംഗ്, സഹപരിശീലകരായ ബ്രാഡ് ഹാഡിന്‍, ജയിംസ് ഹോപ്‌സ് എന്നിവര്‍ ടീമിനൊപ്പം തുടരുന്നുണ്ട്. വിമാനത്തില്‍ കയറിയ ശേഷമാണ് പോണ്ടിംഗും സഹപരിശീലകരും യാത്ര റദ്ദാക്കിയത്. പഞ്ചാബ് കിംഗ്‌സ് ജയ്പൂരില്‍ പരിശീലനം പുനരാരംഭിച്ചിരുന്നു. 15 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ പഞ്ചാബ്. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലേ ഓഫ് സാധ്യത അവസാനിച്ചെങ്കിലും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ഓപ്പണര്‍ ട്രാവിസ് ഹെഡും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനൊപ്പം ചേരും. ഐപിഎല്‍ നിര്‍ത്തിവച്ചതോടെ ഇരുവരും ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയിരുന്നു. പ്ലേഓഫില്‍ എത്താതെ പുറത്തായതിനാല്‍ കമ്മിന്‍സിനും ഹെഡിനും ലോക ടെസ്റ്റ് ചാന്പ്യന്‍ഷിപ്പിനുള്ള ഓസീസ് ടീമില്‍ നേരത്തേ ചേരാനാവും. ഇതേസമയം, ഹൈദരാബാദിന്റെ ഹെന്റിച് ക്ലാസന്‍, ഇഷാന്‍ മലിംഗ, കാമിന്ദു മെന്‍ഡിസ്, വിയാന്‍ മുള്‍ഡര്‍, എന്നിവര്‍ തിരിച്ചെത്തുന്ന കാര്യത്തില്‍ വ്യക്തത ആയിട്ടില്ല.

ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറും ദക്ഷിണാഫ്രിക്കന്‍ പേസര്‍ ജെറാള്‍ഡ് കോറ്റ്‌സിയും ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് ടീമിനൊപ്പം ചേരും. ബട്‌ലറും കോറ്റ്‌സിയും മാത്രമാണ് ഐപിഎല്‍ നിര്‍ത്തിവച്ചപ്പോള്‍ നാട്ടിലേക്ക് മങ്ങിയ ഗുജറാത്ത് താരങ്ങള്‍. റാഷിദ് ഖാന്‍, ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡ്, കാഗിസോ റബാഡ, കരീം ജാനറ്റ് എന്നിവര്‍ ടീമിനൊപ്പം തുടരുകയായിരുന്നു. ഇവര്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ കഴിഞ്ഞദിവസം പരിശീലനം പുനരാരംഭിച്ചിരുന്നു. 16 പോയിന്റുമായി ലീഗില്‍ ഒന്നാംസ്ഥാനത്താണ് ഗുജറാത്ത് ടൈറ്റന്‍സ്. ഞായറാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെയാണ് ഗുജറാത്തിന്റെ അടുത്ത മത്സരം.