പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തടവറയിലെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഓസ്ട്രേലിയയുടെ ഏഴ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാര്‍ രംഗത്ത്. ഇമ്രാന് ആവശ്യമായ വൈദ്യസഹായവും മറ്റ് അവകാശങ്ങളും നിഷേധിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു.

കാന്‍ബറ: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും ഇതിഹാസ ക്രിക്കറ്ററുമായ ഇമ്രാന്‍ ഖാന്റെ തടവറയിലെ ആരോഗ്യസ്ഥിതിയിലും ചികിത്സാ നിഷേധത്തിലും ആശങ്ക അറിയിച്ച് ഓസ്ട്രേലിയയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാര്‍ രംഗത്ത്. ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ്ങിന് ഏഴ് മുന്‍ ക്യാപ്റ്റന്മാര്‍ ഇതുസംബന്ധിച്ച് കത്തയച്ചു.

അലന്‍ ബോര്‍ഡര്‍, ഗ്രെഗ് ചാപ്പല്‍, ഇയാന്‍ ചാപ്പല്‍, ബെലിന്‍ഡ ക്ലാര്‍ക്ക്, കിം ഹ്യൂസ്, മാര്‍ക്ക് ടെയ്ലര്‍, സ്റ്റീവ് വോ എന്നിവരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇമ്രാന്‍ ഖാന്റെ ആരോഗ്യം, വൈദ്യസഹായം, കുടുംബാംഗങ്ങളെയും നിയമോപദേശകരെയും കാണാനുള്ള അവകാശങ്ങള്‍ എന്നിവ നിഷേധിക്കപ്പെടുന്നതിലാണ് കത്തിലൂടെ ഇവര്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.

രാഷ്ട്രീയ-നിയമ കേസുകളില്‍ അഭിപ്രായം പറയുന്നില്ലെന്നും, മറിച്ച് മാനുഷിക പരിഗണനയുള്ള വിഷയം എന്ന നിലയിലാണ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാര്‍ എന്ന നിലയില്‍ തങ്ങള്‍ ശബ്ദമുയര്‍ത്തുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു.

2023 മുതല്‍ അദിയാല ജയിലില്‍ കഴിയുന്ന 73 കാരനായ ഇമ്രാന്‍ ഖാന് ആവശ്യമായ വൈദ്യസഹായവും കുടുംബാംഗങ്ങളുടെ സന്ദര്‍ശനവും ഉറപ്പാക്കണമെന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് ലോകത്തുനിന്നും നിരന്തരം ഉയരുന്ന ആവശ്യം. ഇതിന്റെ തുടര്‍ച്ചയായാണ് പ്രമുഖ ഓസ്ട്രേലിയന്‍ താരങ്ങളും ഇപ്പോള്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്.

YouTube video player