വനിതാ ഏഷ്യ കപ്പ് സമ്മാനദാന ചടങ്ങില്‍ നിന്ന് ഇന്ത്യന്‍ ടീം വിട്ടുനിന്നത് പാക് ബോര്‍ഡ് പ്രസിഡന്റ് മൊഹ്സിന്‍ നഖ്‌വി ട്രോഫി നല്‍കുന്നതിനാലാണ്. ഈ തീരുമാനം ബിസിസിഐ മുന്‍കൂട്ടി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ അറിയിച്ചിരുന്നു.

ദില്ലി: വനിതാ ഏഷ്യ കപ്പ് 2026ന്റെ സമ്മാനദാന ചടങ്ങില്‍ നിന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം വിട്ടുനിന്നിരുന്നു. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റും രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയുമായ മൊഹ്സിന്‍ നഖ്വി ട്രോഫി കൈമാറുകയാണെങ്കില്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ബിസിസിഐ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ മുന്‍കൂട്ടി അറിയിച്ചിരുന്നു. പുരുഷ ടീമിന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ തന്നെ ട്രോഫി നല്‍കാനാണ് തീരുമാനിച്ചതെങ്കില്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് എസിസി ചെയര്‍മാനെ വ്യക്തിപരമായി അറിയിച്ചിരുന്നതായി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വെളിപ്പെടുത്തി.

പഹല്‍ഗാം ആക്രമണത്തിലെ ഇരകളായ മുഴുവന്‍ ആളുകളെയും ആദരിച്ചുകൊണ്ടാണ് ചടങ്ങ് ബഹിഷ്‌കരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പുരുഷന്മാരുടെയും സ്ത്രീകളുടെയും രണ്ട് ഏഷ്യ കപ്പ് ട്രോഫികളും ഉടന്‍ തന്നെ ഇന്ത്യയിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി കൂടിയായ മൊഹ്സിന്‍ നഖ്വിയുടെ പക്കല്‍ നിന്നും ഇന്ത്യയുമായി സൗഹൃദപരമല്ലാത്ത സാഹചര്യത്തില്‍ ട്രോഫി സ്വീകരിക്കില്ലെന്ന നിലപാട് വ്യക്തമാണ്.

എന്നാല്‍, എസിസി ഡെപ്യൂട്ടി ചെയര്‍മാന്‍ ഖാലിദ് സാഹിബ് ട്രോഫി സമ്മാനിച്ചിരുന്നെങ്കില്‍ ചടങ്ങില്‍ പങ്കെടുക്കാമായിരുന്നു എന്ന് ബിസിസിഐ ബദല്‍ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരുന്നെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. അതേസമയം, വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പും ഏഷ്യന്‍ ഗെയിംസും ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ വനിതാ ടീമിനെ ഒരുക്കുന്നതെന്ന് സൈകിയ പറഞ്ഞു. 2025-ല്‍ ആദ്യമായി 50 ഓവര്‍ ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ വനിതാ ടീം, ടി20 ഫോര്‍മാറ്റിലെ വെല്ലുവിളികളെ അതിജീവിക്കാനുള്ള തത്രപ്പാടിലാണ്. ഏഷ്യന്‍ ഗെയിംസില്‍ പുരുഷ-വനിതാ വിഭാഗങ്ങളില്‍ സ്വര്‍ണമെഡല്‍ മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും ബിസിസിഐ സെക്രട്ടറി വ്യക്തമാക്കി.

YouTube video player