കോലിയല്ല, സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കുക മറ്റൊരു താരം! പേരെടുത്ത് പറഞ്ഞ് റിക്കി പോണ്ടിംഗ്
നാല് വര്‍ഷം സ്ഥിരതയോടെ നിന്നാല്‍ ടെസ്റ്റില്‍ സച്ചിനെ മറികടക്കാന്‍ റൂട്ടിന് സാധിക്കുമെന്നാണ് പോണ്ടിംഗിന്റെ പ്രവചനം.
സിഡ്‌നി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സകല റെക്കോര്‍ഡുകളും വിരാട് കോലി തകര്‍ക്കുമെന്ന് ഒരുകാലത്ത് ക്രിക്കറ്റ് ലോകം ചിന്തിച്ചിരുന്നു. എന്നാല്‍ കരിയറിലെ അവസാന നാളുകളില്‍ എത്തിനില്‍ക്കുന്ന കോലിക്ക് അതിന് സാധിച്ചേക്കില്ലെന്നാണ് പ്രവചനങ്ങള്‍. എന്നാല്‍ സച്ചിന്റെ ചില റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ പോന്ന മറ്റൊരു താരമുണ്ടെന്നാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് പറയുന്നത്. ഇംഗ്ലണ്ട് താരം ജോ റൂട്ടിന്റെ പേരാണ് അദ്ദേഹം എടുത്തുപറയുന്നത്.
നാല് വര്‍ഷം സ്ഥിരതയോടെ നിന്നാല്‍ ടെസ്റ്റില്‍ സച്ചിനെ മറികടക്കാന്‍ റൂട്ടിന് സാധിക്കുമെന്നാണ് പോണ്ടിംഗിന്റെ പ്രവചനം. പോണ്ടിംഗിന്റെ വാക്കുകള്‍... ''റൂട്ടിന്റെ പ്രായം 33 വയസ് മാത്രമാണ്. ടെസ്റ്റില്‍ സച്ചിന് 3000 റണ്‍സിനോളം പിറകിലാണ് റൂട്ട്. ഒരു വര്‍ഷം 10-14 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച് 800 മുതല്‍ 1,000 വരെ റണ്ണുകള്‍ നേടാന്‍ സാധിച്ചാല്‍ മൂന്നോ നാലോ വര്‍ഷം കൊണ്ട് റൂട്ടി സച്ചിനെ മറികടക്കും. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനമാണ് റൂട്ട് നടത്തിയത്. അടുത്തകാലത്തായി അവന്‍ മറ്റൊരു വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇപ്പോള്‍ 50 കടക്കുമ്പോഴെല്ലാം നൂറിലെത്താന്‍ സാധിക്കുന്നു.'' പോണ്ടിംഗ് പറഞ്ഞു.
ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി ഓസ്‌ട്രേലിയ സ്വന്തമാക്കുമെന്നുള്ള പ്രവചനവും പോണ്ടിംഗ് അടുത്തിടെ നടത്തിയിരുന്നു. അന്ന് പറഞ്ഞത് ഇങ്ങനെ... ''ഇന്ത്യ ശക്തരായ എതിരാളികളാണ്. ഇത്തവണയും ഇന്ത്യന്‍ നിരയില്‍ മികച്ച താരങ്ങളുണ്ട്. എങ്കിലും കഴിഞ്ഞ രണ്ടുതവണത്തെ പോലെ ആയിരിക്കില്ല ഇത്തവണ കാര്യങ്ങള്‍. ഇന്ത്യയെ വീഴ്ത്താനുള്ള മികവ് പാറ്റ് കമ്മിന്‍സിനും സംഘത്തിനുമുണ്ട്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസീസ് 3-1ന് ജയിക്കും.'' പോണ്ടിംഗ് പ്രവചിച്ചു. 2018-19ലും 2020-21ലും ഓസ്ട്രേലിയയില്‍ 2-1നായിരുന്നു ഇന്ത്യയുടെ പരമ്പര വിജയം.