ജസ്പ്രിത് ബുമ്രയ്ക്ക് നീണ്ട വിശ്രമം! ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയിലും ഇന്ത്യന്‍ പേസര്‍ കളിച്ചേക്കില്ല
ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്ക് ശേഷം വലിയ മത്സരങ്ങള്‍ ഇന്ത്യക്ക് കളിക്കാനുണ്ട്. ഐസിസി ചാംപ്യന്‍സ് ട്രോഫി, ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയും അതിലുള്‍പ്പെടും.
മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുകയാണ് ഇന്ത്യ. രണ്ട് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. സെപ്റ്റംബര്‍ 19ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് ഒന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 27ന് കാണ്‍പൂരില്‍ ആരംഭിക്കും. ശേഷം മൂന്ന് ടി20 മത്സരങ്ങളും ഇരുവരും കളിക്കും. പരമ്പരയ്ക്കുള്ള ടീമിനെ ഇതുവരെ ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല. ദുലീപ് ട്രോഫിക്ക് ശേഷം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ദുലീപ് ട്രോഫിക്കുള്ള ടീമുകളില്‍ നിന്ന് സീനിയര്‍ താരങ്ങളായി വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രിത് ബുമ്ര എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിരുന്നു.
ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്ക് ശേഷം വലിയ മത്സരങ്ങള്‍ ഇന്ത്യക്ക് കളിക്കാനുണ്ട്. ഐസിസി ചാംപ്യന്‍സ് ട്രോഫി, ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയും അതിലുള്‍പ്പെടും. അതുകൊണ്ടുതന്നെയാണ് സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബുമ്രയ്ക്ക് ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയിലും വിശ്രമം നല്‍കിയേക്കും. ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്ക് ആയി താരത്തെ മുഴുവന്‍ ആരോഗ്യത്തോടെ നിര്‍ത്താന്‍ വേണ്ടിയാണ് ടീം മാനേജ്‌മെന്റ് ശ്രമിക്കുന്നത്. ഒക്ടോബര്‍ 16ന് ന്യൂസിലന്‍ഡിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലൂടെ ബുമ്ര തിരിച്ചെത്തും.
അതേസമയം, ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പര പ്രധാനപ്പെട്ടതാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകല്‍... ''ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അധികൃതരുമായി ഞാന്‍ സംസാരിച്ചിട്ടില്ല. അവിടെ ഒരു പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തിട്ട് കൂടുതല്‍ സമയം ആയില്ല. ബിസിബി ഇതുവരെ ബിസിസിഐ ആയിട്ട് ബന്ധപ്പെട്ടിട്ടില്ല. ഉടന്‍ അവരെ അങ്ങോട്ട് വിളിച്ച് സംസാരിക്കേണ്ടതുണ്ട്. കാരണം ബംഗ്ലാദേശിനെതിരായ പരമ്പര ഏറെ പ്രാധാന്യമുള്ളതാണ്.'' ജയ് ഷാ വ്യക്തമാക്കി.
അതേസമയം, വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ വേദിയാകണമെന്ന ഐസിസിയുടെ അഭ്യര്‍ത്ഥന തള്ളി ബിസിസിഐ. നടത്താന്‍ കഴിയില്ലെന്ന് ജയ് ഷാ.