മുൻ ഓസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച്, 15കാരനായ വൈഭവ് സൂര്യവൻഷിയെ ഇന്ത്യയുടെ അടുത്ത റിഷഭ് പന്ത് എന്ന് വിശേഷിപ്പിച്ചു. വൈഭവിൻ്റെ ഭയമില്ലാത്ത ബാറ്റിംഗ് ശൈലിയെ പ്രശംസിച്ച ഫിഞ്ച്, ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ചാം നമ്പറിൽ താരത്തിന് വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്നും അഭിപ്രായപ്പെട്ടു. 

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ വിസ്മയമായി മാറിക്കൊണ്ടിരിക്കുന്ന 15കാരന്‍ വൈഭവ് സൂര്യവന്‍ഷിയെ പ്രശംസകള്‍ കൊണ്ട് മൂടി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. ടി20 ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ഈ ഇടംകൈയന്‍ ബാറ്ററെ ഇന്ത്യയുടെ ടെസ്റ്റ് ടീമിലും ഉള്‍പ്പെടുത്തണമെന്നാണ് ഫിഞ്ചിന്റെ അഭിപ്രായം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മിന്നും പ്രകടനം നടത്തുന്ന വൈഭവ്, ഇതിനോടകം തന്നെ തന്റെ പ്രതിഭ തെളിയിച്ചു കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വെറും 35 പന്തില്‍ സെഞ്ചുറി നേടിയ വൈഭവ്, ഈ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 36 പന്തില്‍ സെഞ്ചുറി തികച്ചു.

ഇതോടെ ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ രണ്ട് സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡ് ഈ 15കാരന്റെ പേരിലായി. 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ താരത്തെ സ്വന്തമാക്കിയത്. വൈഭവിന്റെ പ്രകടനത്തെ റിഷഭ് പന്തിനോടാണ് ഫിഞ്ച് ഉപമിച്ചത്. ''ടെസ്റ്റ് ക്രിക്കറ്റില്‍ പന്തിനെപ്പോലെയുള്ള ഇംപാക്ട് പ്ലെയേഴ്‌സിന് വലിയ സ്ഥാനമുണ്ട്. പ്രവചനാതീതമായ ബാറ്റിംഗിലൂടെ എതിരാളികളില്‍ ഭയം നിറയ്ക്കാന്‍ അവര്‍ക്ക് കഴിയും. വൈഭവിനെ ടെസ്റ്റില്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യിച്ചാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും.'' ഫിഞ്ച് പറഞ്ഞു.

അഞ്ചാം നമ്പറില്‍ വൈഭവ് ബാറ്റ് ചെയ്താല്‍ അത് ടീമിന് വലിയ ഗുണം ചെയ്യുമെന്ന് അദ്ദേഹം സിഡ്നി മോണിംഗ് ഹെറാള്‍ഡിനോട് വ്യക്തമാക്കി. ''ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാര്‍ക്കെതിരെ പോലും ആദ്യ പന്ത് മുതല്‍ ആക്രമിച്ചു കളിക്കാനുള്ള വൈഭവിന്റെ കഴിവ് എന്നെ അത്ഭുതപ്പെടുത്തുന്നു. ഭയമില്ലാതെ കളിക്കുന്നതിനൊപ്പം കളിയുടെ സാഹചര്യം മനസ്സിലാക്കാനും അവന് സാധിക്കുന്നുണ്ട്. 15 വയസ്സ് മാത്രമുള്ള ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ഇത് അവിശ്വസനീയമായ കഴിവാണ്. പ്രായത്തേക്കാള്‍ വലിയ പക്വത അവന്‍ കാണിക്കുന്നു.'' ഫിഞ്ച് കൂട്ടിച്ചേര്‍ത്തു.

വൈഭവ് സൂര്യവന്‍ഷിയുടെ ഈ കുതിപ്പ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാണെന്നതിന്റെ തെളിവായിട്ടാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. വൈകാതെ തന്നെ താരത്തെ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

YouTube video player