ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ കുറിച്ചും സ്റ്റീവ് വോ സംസാരിച്ചു.
ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയാണ് ഫേവറൈറ്റുകളെന്ന് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നാളെയാണ് ഇന്ത്യ - പാക് പോര്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30ന് ടോസ് വീഴും. ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകാന്‍ സാധ്യത ഏറെയാണ്. ബൗളിംഗില്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കുല്‍ദീപ് യാദവിന് പകരം അര്‍ഷ്ദീപ് സിംഗ് കളിച്ചേക്കും. ആദ്യ മത്സരത്തില്‍ ഇടങ്കയ്യന്‍ പേസര്‍ക്ക് സ്ഥാനമുണ്ടായിരുന്നില്ല.
ഇതിനിടെയാണ് മുന്‍ ഓസീസ് താരം ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തെ കുറിച്ച് സംസാരിച്ചത്. സ്റ്റീവ് വോയുടെ വാക്കുകള്‍... ''ഇന്ത്യയും പാകിസ്ഥാനും മത്സരിക്കുമ്പോഴെല്ലാം അത് ഒരു ആഗോള സംഭവമായി മാറാറുണ്ട്. എന്നാല്‍ പ്രവചിക്കുക എളുപ്പമുള്ള കാര്യമല്ല. ഇരു ടീമുകളും ധാരാളം കഴിവുള്ളവരാണ്, ഫലം എന്തായിരിക്കുമെന്ന് നിങ്ങള്‍ക്ക് പറയുക സാധ്യമല്ല. എങ്കിലും പറയട്ടെ, ഇന്ത്യയാണ് ഫേവറൈറ്റ്‌സ് എന്നുതോന്നുന്നു. പക്ഷേ, പാകിസ്ഥാന്‍ മികച്ച പ്രകടനം നടത്തിയാല്‍ അത്ഭുതപ്പെടാനില്ല. രോഹിത് ശര്‍മയും സംഘവും തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ വിജയിച്ചു. ഇന്ത്യ ആത്മവിശ്വാസത്തിലായിരിക്കും.'' സ്റ്റീവ് വോ വ്യക്തമാക്കി.
ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ കുറിച്ചും സ്റ്റീവ് വോ സംസാരിച്ചു. ''ഗില്‍ ഇപ്പോള്‍ സെഞ്ച്വറി നേടി. അദ്ദേഹം വളരെ മികച്ച താരമാമ്. തീര്‍ച്ചയായും, കോലിയുണ്ട്. ഒരുപാട് മികച്ച താരങ്ങളുള്ള ടീമാണ് ഇന്ത്യയുടേത്. പാകിസ്ഥാനിപ്പോള്‍ അവരുടെ സ്വതസിദ്ധമായ കളി പുറത്തെടുക്കാന്‍ സാധിക്കുന്നില്ല.'' സ്റ്റീവ് വോ കൂട്ടിചേര്‍ത്തു. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്ഥാനും അഞ്ച് തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. മൂന്നെണ്ണം പാകിസ്ഥാന്‍ ജയിച്ചപ്പോള്‍, രണ്ട് മത്സരങ്ങളില്‍ ഇന്ത്യ ജയിച്ചു.

