രാജസ്ഥാന്‍ തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യമിട്ടപ്പോള്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി ചെറുതായി പാളിപോയെന്ന് വാദമുണ്ടായിരുന്നു. മുന്‍ ഓസീസ് താരം ടോം മൂഡിയും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്.

ജയ്പൂര്‍: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിനെ സീസണിലെ ആദ്യ തോല്‍വിയിലേക്ക് തള്ളിവിട്ടത് അവസാന ഓവറുകളിലെ മോശം ബൗളിംഗ് പ്രകടനമായിരുന്നു. അവസാന അഞ്ചോവറില്‍ ഗുജറാത്തിന് ജയിക്കാന്‍ വേണ്ടത് 73 റണ്‍സായിരുന്നു. പതിനാറാം ഓവറില്‍ യുസ്വേന്ദ്ര ചാഹല്‍ 13 റണ്‍സ് വഴങ്ങിയെങ്കിലും ശുഭ്മാന്‍ ഗില്ലിന്റെ നിര്‍ണായക വിക്കറ്റ് എടുത്തതോടെ കളി രാജസ്ഥാന്റെ കൈയിലായെന്നാണ് ഗുജറാത്ത് ആരാധകര്‍ പോലും കരുതിയത്. എന്നാല്‍ മത്സരം തിരിഞ്ഞ് ഗുജറാത്തിന്റെ സൈഡിലായി. 

രാജസ്ഥാന്‍ തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യമിട്ടപ്പോള്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി ചെറുതായി പാളിപോയെന്ന് വാദമുണ്ടായിരുന്നു. മുന്‍ ഓസീസ് താരം ടോം മൂഡിയും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. സഞ്ജു, പരിചയസമ്പന്നനായ ട്രന്റ് ബോള്‍ട്ടിനെ ഉപയോഗിച്ചില്ലെന്നാണ് അദ്ദേഹം പറയുന്നത്. മത്സരത്തില്‍ രണ്ട് ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത ബോള്‍ട്ടിനെ പിന്നീട് സഞ്ജു പന്തെറിയാന്‍ ഏല്‍ച്ചിരുന്നില്ല. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതും. 

രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിക്കുന്നത്. മൂഡിയുടെ വാക്കുകള്‍... ''ഡെത്ത് ഓവറുകളില്‍ ട്രന്റ് ബോള്‍ട്ടിനെ ഉപയോഗിക്കാമായിരുന്നു. ഡെത്ത് ഓവറുകള്‍ എറിയാനുള്ള പരിചയസമ്പത്തൊക്കെ അദ്ദേഹത്തിന് വേണ്ടുവോളമുണ്ട്. സമ്മര്‍ദ്ദം വരുമ്പോഴെല്ലാം അത് കൈകാര്യം ചെയ്യാന്‍ ബോള്‍ട്ടിനറിയാം. ഇത്തരം വെല്ലുവിളികള്‍ അദ്ദേഹം ഇഷ്ടപ്പെടുന്നു. മത്സരം പൂര്‍ത്തിയാവുമ്പോല്‍ ബോള്‍ട്ടിന് രണ്ട് ഓവറുകള്‍ ബാക്കിയുണ്ടായിരുന്നു. രാജസ്ഥാന്റെ ബൗളിംഗ് യൂണിറ്റ് എടുക്കുകയാണെങ്കില്‍ ഏറ്റവും പരിചയസമ്പത്തുള്ള താരമാണ് ബോള്‍ട്ട്. ഓവറുകള്‍ ബാക്കിയുണ്ടെങ്കില്‍ അദ്ദേഹത്തെ കൊണ്ട് എറിയിപ്പിക്കണമായിരുന്നു. അവസാന ഓവറുകള്‍ എറിയുന്നത് അവന്റെ ശക്തിയാണോ അല്ലയോ എന്നത് പരിഗണിക്കാതെ, ബോള്‍ട്ടിനെ പിന്തുണയ്ക്കണമായിരുന്നു. 15 മുതല്‍ 17 വരെയുള്ള ഓവറുകള്‍ യഥാര്‍ത്ഥത്തില്‍ അവസാന ഓവറുകളല്ല, മധ്യ ഓവറുകളുടെ അവസാനമാണ്.'' മൂഡി പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിന് ടോസ്, കേരളാ താരം ടീമില്‍! ആര്‍സിബിയില്‍ വ്യാപകമാറ്റം; വില്‍ ജാക്‌സിന് അരങ്ങേറ്റം

മത്സരത്തില്‍ രാജസ്ഥാന്‍ മൂന്ന് വിക്കറ്റിനാണ് പരാജയപ്പെട്ടത്. രാജസ്ഥാന്‍ ഉയര്‍ത്തി197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ടൈറ്റന്‍സ് അവസാന പന്തിലെ ബൗണ്ടറിയിലൂടെ വിജയത്തിലെത്തി. 15 റണ്‍സായിരുന്നു ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന പന്തില്‍ രണ്ട് റണ്‍സും. അവസാന പന്ത് ബൗണ്ടറി കടത്തി റാഷിദ് ഖാന്‍ ഗുജറാത്തിന് വിജയം സമ്മാനിച്ചു.