സ്റ്റോക്‌സിന്റെ തീരുമാനത്തിന് പിന്നില്‍ മറ്റൊരു കാരണമാണ് മുന്‍ ഇംഗ്ലണ്ട് താരം നാസര്‍ ഹുസൈന്‍ ചൂണ്ടികാണിക്കുന്നത്. ഷെഡ്യൂളിലെ പ്രശ്‌നങ്ങളാണ് താരത്തെ വിരമിക്കല്‍ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് ഹുസൈന്‍ പറഞ്ഞു.

ലണ്ടന്‍: കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് (Ben Stokes) ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ (ENG vs SA) ഏകദിന പരമ്പരക്കുശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് 31കാരനായ സ്റ്റോക്‌സ് പ്രഖ്യാപിച്ചത്. നേരത്തെയുള്ള റിട്ടയര്‍മെന്റ് പലരേയും അമ്പരപ്പിച്ചിരുന്നു. മാനസിക പ്രയാസങ്ങളായിക്കാം വിരമിക്കല്‍ തീരുമാനത്തിന് പിന്നിലെന്നാണ് പലരും വിലയിരുത്തിയത്.

എന്നാല്‍ സ്റ്റോക്‌സിന്റെ തീരുമാനത്തിന് പിന്നില്‍ മറ്റൊരു കാരണമാണ് മുന്‍ ഇംഗ്ലണ്ട് താരം നാസര്‍ ഹുസൈന്‍ ചൂണ്ടികാണിക്കുന്നത്. ഷെഡ്യൂളിലെ പ്രശ്‌നങ്ങളാണ് താരത്തെ വിരമിക്കല്‍ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് ഹുസൈന്‍ പറഞ്ഞു. ''സ്‌റ്റോക്‌സിന്റേയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനേയോ ഞാന്‍ കുറ്റപ്പെടുത്താനില്ല. ഐസിസി ഷെഡ്യൂളാണ് പ്രധാന പ്രശ്‌നം. ഇടയ്ക്കിടെയുള്ള ഐസിസി മത്സരങ്ങളും, കൂടെ മറ്റു ക്രിക്കറ്റ് ബോര്‍ഡുകളുടെ മത്സരങ്ങളും വന്നാല്‍ ഏത് താരങ്ങള്‍ക്കും മടുക്കും.'' ഹുസൈന്‍ പറഞ്ഞു.

മൂന്ന് ഫോര്‍മാറ്റിലുമായി മുന്നോട്ട് പോവാന്‍ കഴിയുന്നില്ലെന്നാണ് വിരമിക്കല്‍ പ്രഖ്യാപനത്തില്‍ സ്റ്റോക്‌സ് പറഞ്ഞത്. ശരീരം തളരുന്നതോടൊപ്പം മറ്റൊരു താരത്തിന്റെ അവസരം നഷ്ടപ്പെടുന്നതായും തോന്നുന്നതായി സ്‌റ്റോക്‌സ് പറഞ്ഞിരുന്നു.

സ്‌റ്റോക്‌സ് വിരമിക്കലില്‍ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണും അഭിപ്രായം പറഞ്ഞിരുന്നു. ''ക്രിക്കറ്റ് ബോര്‍ഡുകള്‍ അവരവരുടെ ഫ്രാഞ്ചൈസി ക്രിക്കറ്റുമായി മുന്നോട്ടുപോയാല്‍ നിശ്ചിതഓവര്‍ ക്രിക്കറ്റ് വഴിമാറും. 31-ാം വയസില്‍ വിരമിക്കേണ്ട അവസ്ഥ ഒരുതാരത്തിന് വരരുത്.'' വോണ്‍ വ്യക്തമാക്കി.