ലണ്ടന്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ മുന്‍ കാമുകിയുമായി സംസാരിച്ചതിന്റെ പേരില്‍ അദ്ദേഹം ചീത്ത വിളിച്ചിരുന്നതായി മുന്‍ ഇംഗ്ലണ്ട് താരം നിക് കോംപ്ടണ്‍. 2012ല്‍ ഇന്ത്യയില്‍ പര്യടനത്തിന് എത്തിയിരുന്നപ്പോഴുള്ള സംഭവമാണ് കോംപ്ടണ്‍ വിവരിക്കുന്നത്. അന്ന് ഇംഗ്ലീഷ് ടീമിന്റെ ഓപ്പണറായിരുന്നു കോംപ്ടണ്‍. എന്നാല്‍ യുവതിയുടെ പേര് കോംപ്ടണ്‍ വെളിപ്പെടുത്തിയിട്ടില്ല.

കോംപ്ടണ്‍ വിവരിക്കുന്നത് ഇങ്ങനെ... ''പരമ്പയ്ക്ക് മുന്നോടിയായി പുറത്ത് കറങ്ങാന്‍ പോകുമ്പോഴാണ് കോലിയുടെ മുന്‍ കാമുകിയെ കാണുന്നത്. അന്ന് യുവരാജ് സിംഗ്, കെവിന്‍ പീറ്റേഴ്‌സണ്‍ എന്നിവരും എന്റെ കൂടെയുണ്ടായിരുന്നു. അന്ന് ഞാന്‍ അവരുമായി സംസാരിച്ചു. വിവരമറിഞ്ഞ കോലിക്ക് അതത്ര ഇഷ്ടമായില്ല. ഞാന്‍ ബാറ്റിങ്ങിന് ഇറങ്ങുന്ന സമയത്ത് കോലി പലതും വിളിച്ചുപറയുമായിരുന്നു. ഞാന്‍ സംസാരിച്ച യുവതി തന്റെ കാമുകിയാണെന്ന് അറിയിക്കാനായിരുന്നു കോലിയുടെ ശ്രമം. എന്നാല്‍ യുവതി പറഞ്ഞത് കോലി എന്റെ മുന്‍ കാമുകനാണെന്നാണ്. ഇതില്‍ ആര് പറയുന്നതാണ് സത്യമെന്ന് അറിയില്ല.

ഇക്കാര്യം പറഞ്ഞ് കോലിയെ പ്രകോപിപ്പിക്കാന്‍ ഇംഗ്ലണ്ടിന്റെ സഹതാരങ്ങള്‍ ശ്രമിക്കുമായിരുന്നു. കോലിക്കെതിരെ ആയുധായി ഉപയോഗിച്ചു. എന്നാല്‍ കോലി ഇതിലൊന്നും വീഴുന്ന പ്രകൃതമല്ലായിരുന്നു. പരമ്പരയിലെ അവസാന ടെസ്റ്റില്‍ നാഗ്പുരില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി കോലി തിരിച്ചടിച്ചു. ഇപ്പോഴും അതോര്‍ക്കുമ്പോള്‍ എനിക്ക് ചിരിവരും. പക്ഷേ, എല്ലാം നന്നായിത്തന്നെ അവസാനിച്ചു.'' കോംപ്ടണ്‍ പറഞ്ഞു.

ഇംഗ്ലണ്ടിനായി 16 ടെസ്റ്റുകള്‍ കളിച്ച താരമാണ് മുപ്പത്താറുകാരനായ നിക് കോംപ്ടണ്‍. 2012ല്‍ അഹമ്മദാബാദില്‍ ഇന്ത്യയ്ക്കെതിരെ അരങ്ങേറിയ കോംപ്ടണ്‍ 2016ല്‍ ശ്രീലങ്കയ്ക്കെതിരെ അവസാനമായി കളിച്ചത്.