സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റിലും തകര്‍പ്പന്‍ ഫോമിലായിരുന്ന സര്‍ഫറാസ് കഴിഞ്ഞ 12 ഇന്നിംഗ്സുകളില്‍ 70.22 ശരാശരിയില്‍ 195.06 സ്ട്രൈക്ക് റേറ്റില്‍ രണ്ട് സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും അടക്കം 632 റണ്‍സാണ് അടിച്ചെടുത്തത്.

മുംബൈ: ഇന്ത്യൻ ടീമില്‍ നിന്ന് തുടര്‍ച്ചയായി തഴയപ്പെട്ടിട്ടും ആഭ്യന്തര ക്രിക്കറ്റില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് മുംബൈയുടെ സര്‍ഫറാസ് ഖാനും മഹാരാഷ്ട്ര നായകന്‍ റുതുരാജ് ഗെയ്ക്‌വാദും. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ പഞ്ചാബിനെതിരെ 15 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ സര്‍ഫറാസ് ലിസ്റ്റ് എ ക്രിക്കറ്റിലെ ഇന്ത്യൻ താരത്തിന്‍റെ വേഗമേറിയ അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡ് സ്വന്തമാക്കി. 16 പന്തില്‍ അര്‍ധസെഞ്ചുറി നേടിയിരുന്ന ബറോഡയുടെ അതിത് ഷേത്തിന്‍റെ റെക്കോര്‍ഡാണ് സര്‍ഫറാസ് മറികടന്നത്. പഞ്ചാബിനെതിരായ മത്സരത്തില്‍ 20 പന്തില്‍ 62 റണ്‍സെടുത്ത സര്‍ഫറാസ് 310.00 സ്ട്രൈക്ക് റേറ്റിലാണ് റണ്ണടിച്ചുകൂട്ടിയത്. റണ്‍വേട്ടയില്‍ ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ ഒരോവറില്‍ 30 റണ്‍സും സര്‍ഫറാസ് വാരിക്കൂട്ടി.

വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ 8*(5),55(49),157(75),21(10),63(20) എന്നിങ്ങനെയായിരുന്നു സര്‍ഫറാസിന്‍റെ ബാറ്റിംഗ്. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റിലും തകര്‍പ്പന്‍ ഫോമിലായിരുന്ന സര്‍ഫറാസ് കഴിഞ്ഞ 12 ഇന്നിംഗ്സുകളില്‍ 70.22 ശരാശരിയില്‍ 195.06 സ്ട്രൈക്ക് റേറ്റില്‍ രണ്ട് സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും അടക്കം 632 റണ്‍സാണ് അടിച്ചെടുത്തത്. 40 സിക്സും 62 ഫോറും സര്‍ഫറാസ് നേടി. കഴിഞ്ഞ വര്‍ഷത്തെ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ ഇന്ത്യൻ ടീമിലുണ്ടായിട്ടും ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന സര്‍ഫറാസിനെ പിന്നീട് ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചതേയില്ല. ഐപിഎല്‍ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് സര്‍ഫറാസിന് സ്വന്തമാക്കിയിരുന്നു.

സര്‍ഫറാസിനൊപ്പം തന്നെ ഇന്ത്യൻ ടീമില്‍ നിന്ന് തുടര്‍ച്ചയായി അവഗണിക്കപ്പെടുന്ന മഹരാഷ്ട്ര നായകന്‍ റുതുരാജ് ഗെയ്ക്‌വാദും അഭ്യന്തര ക്രിക്കറ്റില്‍ അപൂര്‍വ റെക്കോര്‍ഡിട്ടു. ഗോവക്കെതിരെ മഹരാഷ്ട്രക്കായി സെഞ്ചുറി നേടിയ റുതുരാജ് വിജയ് ഹസാരെ ട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായി. വിജയ് ഹസാരെയില്‍ കളിച്ച 57 ഇന്നിംഗ്ലില്‍ നിന്നാണ റുതുരാജ് 15 സെഞ്ചുറികള്‍ നേടിയത്. 94 ഇന്നിംഗ്സില്‍ നിന്ന് 15 സെഞ്ചുറികള്‍ നേടിയ അങ്കിത് ബാവ്‌നെയുടെ റെക്കോര്‍ഡിനൊപ്പമാണ് റുതുരാജ് എത്തിയത്. 

ഗോവക്കെതിരായ മത്സരത്തില്‍ മഹാരാഷ്ട്ര 25-5ലേക്കും 52-6ലേക്കും വീണപ്പോള്‍ ഒരറ്റത്തു നിന്ന് പൊരുതി സെഞ്ചുറി നേടിയ റുതുരാജ് 131 പന്തില്‍ 134 റണ്‍സെടുത്ത് ടീമിനെ 249 റണ്‍സിലെത്തിച്ചു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞത് 50 ഇന്നിംഗ്സുകളെങ്കിലും കളിച്ച ബാറ്റര്‍മാരില്‍ 58.83 ബാറ്റിംഗ് ശരാശരിയുമായി ഓസീസ് ഇതിഹാസം മൈക്കല്‍ ബെവനെ(57.86) മറികടക്കാനും റുതുരാജിനായി. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ സെഞ്ചുറി നേടിയ റുതുരാജിനെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിക്കാതിരുന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക