ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ് ദുബായിൽ പുതിയ ആഡംബര വസതി സ്വന്തമാക്കി. ദുബായിലെ മികച്ച സുരക്ഷയും ജീവിതരീതിയുമാണ് തന്നെ ആകർഷിച്ചതെന്ന് താരം വ്യക്തമാക്കി. മോശം ഫോമിനെ തുടർന്ന് ദേശീയ ടീമിൽ നിന്ന് പുറത്തായ സൂര്യകുമാർ, ആഭ്യന്തര മത്സരങ്ങളിലൂടെ തിരിച്ചുവരവിന് ശ്രമിക്കുകയാണ്.
ദുബായ്: ദുബായില് പുതിയൊരു ആഡംബര വസതി സ്വന്തമാക്കി ഇന്ത്യയുടെ ടി20 ക്യാപ്റ്റന് സൂര്യകുമാര് യാദവ്. ബോളിവുഡ് സൂപ്പര്താരം ഷാരൂഖ് ഖാനുമായി ബന്ധപ്പെട്ട റെസിഡന്ഷ്യല് പ്രോജക്റ്റിന് സമീപമാണ് സൂര്യകുമാര് പുതിയ വീട് വാങ്ങിയിരിക്കുന്നത്. പ്രോജക്റ്റിന്റെ രേഖകളില് ഒപ്പുവെക്കുന്ന വീഡിയോ സൂര്യകുമാറും ഭാര്യ ദേവിഷ ഷെട്ടിയും ചേര്ന്ന് ഇന്സ്റ്റാഗ്രാമില് പങ്കുവെച്ചിട്ടുണ്ട്. ഡാനുബ് പ്രോപ്പര്ട്ടീസില് നിന്നാണ് സൂര്യകുമാര് ഈ വീട് സ്വന്തമാക്കിയത്. വര്ഷങ്ങളായി ദുബായ് സന്ദര്ശിക്കാറുണ്ടെന്നും അവിടത്തെ ജീവിതരീതിയും ഉയര്ന്ന ജീവിതവിലയും സുരക്ഷയും തന്നെ ഏറെ ആകര്ഷിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി.
സൂര്യയുടെ വാക്കുകള്... ''ഞാന് ആദ്യമായി ഇവിടെ വരുന്നത് 2014-ലാണ്, പിന്നീട് 2020-ല് വീണ്ടും വന്നു. ഇന്ത്യയില് നിന്നുള്ള ആളുകള് ദുബായിലേക്ക് കൂടുതല് ആകര്ഷിക്കപ്പെടുന്നുണ്ട്. ഇവിടത്തെ ആഡംബരവും ജീവിതവിലയും തികച്ചും വ്യത്യസ്തമാണ്. ഞാന് മുംബൈയില് താമസിക്കുന്ന സ്ഥലത്തും സുരക്ഷയുണ്ട്, എങ്കിലും സുരക്ഷയുടെ കാര്യത്തില് ദുബായ് മികച്ചതാണ്. ഇവിടെയെത്തുന്നത് എനിക്ക് വലിയ സമാധാനവും സന്തോഷവും നല്കുന്നു.'' സൂര്യ പറഞ്ഞു.
നിലവില് ആഭ്യന്തര ലീഗില് കളിച്ചുകൊണ്ടിരിക്കുകയാണ് സൂര്യ. മോശം ഫോമിനെ തുടര്ന്ന് അദ്ദേഹത്തെ ഇന്ത്യയുടെ ടി20 നായകസ്ഥാനത്ത് നിന്നും പിന്നീട് ടീമില് നിന്നും ഒഴിവാക്കിയിരുന്നു. മുംബൈക്ക് വേണ്ടി രഞ്ജി ട്രോഫിയിലും സൂര്യ കളിക്കുന്നില്ല. ടീമിന്റെ പ്രീ-സീസണ് പരിശീലന ക്യാമ്പില് പങ്കെടുക്കാത്തതാണ് ഒഴിവാക്കാനുള്ള കാരണമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന് വൃത്തങ്ങള് അറിയിച്ചു.
ആഭ്യന്തര ക്രിക്കറ്റില് കളിക്കാന് താരം താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും, സ്ക്വാഡ് പ്രഖ്യാപിക്കുന്നതിന് മുന്പുള്ള പരിശീലന സെഷനുകളില് അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഐപിഎല് 2026ന് ശേഷം പ്രൊഫഷണല് ക്രിക്കറ്റില് നിന്ന് വിട്ടുനില്ക്കുന്ന താരം, അടുത്തിടെ മുംബൈയില് നടന്ന ഒരു ലോക്കല് ട്വന്റി-20 ടൂര്ണമെന്റില് കളിച്ചിരുന്നു. മികച്ച പ്രകടനത്തിലൂടെ വീണ്ടും ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് താരം.

