കഴിഞ്ഞ ദിവസം ടീം ഡയറക്റ്റര്‍ കുമാര്‍ സംഗക്കാര പരാഗിനെ കുറിച്ച് സംസാരിച്ചിരുന്നു. വരും സീസണില്‍ അവന് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുമെന്നും ബാറ്റിംഗ് ഓര്‍ഡറില്‍ ഉയര്‍ന്ന സ്ഥാനത്ത് കളിപ്പിക്കുമെന്നും സംഗക്കാര വ്യക്തമാക്കിയിരുന്നു.

മുംബൈ: 2019ല്‍ ഐപിഎല്‍ അരങ്ങേറിയത് മുതല്‍ രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) വേണ്ടിയാണ് റിയാന്‍ പരാഗ് (Riyan Parag) കളിക്കന്നത്. മുന്‍ അണ്ടര്‍ 19 ഇന്ത്യന്‍ താരമായ പരാഗിന് ഒന്നോ രണ്ടോ ഐപിഎല്‍ മത്സരങ്ങളില്‍ മാത്രമാണ് ശ്രദ്ധിക്കപ്പെടുന്ന പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത്. ഇത്തവണ എല്ലാ മത്സരങ്ങളും കളിച്ചെങ്കിലും നിരാശപ്പെടുത്തി. കഴിഞ്ഞ ദിവസം ടീം ഡയറക്റ്റര്‍ കുമാര്‍ സംഗക്കാര (Kumar Sangakkara) പരാഗിനെ കുറിച്ച് സംസാരിച്ചിരുന്നു. വരും സീസണില്‍ അവന് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുമെന്നും ബാറ്റിംഗ് ഓര്‍ഡറില്‍ ഉയര്‍ന്ന സ്ഥാനത്ത് കളിപ്പിക്കുമെന്നും സംഗക്കാര വ്യക്തമാക്കിയിരുന്നു.

എന്നാല്‍ യുവതാരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍. ഐപിഎല്ലില്‍ ഏറെ നിരാശപ്പെടുത്തിയ താരമാണ് പരാഗെന്ന് മദന്‍ ലാല്‍ വ്യക്തമാക്കി. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''മത്സരഫലം ടീമിന് അനുകൂലമാക്കാന്‍ കെല്‍പ്പുള്ള താരമൊന്നുമല്ല പരാഗ്. ചിലര്‍ പരാഗിനെ പ്രകീര്‍ത്തിച്ച് സംസാരിക്കുന്നു. സീസണിലെ എല്ലാ മത്സരങ്ങളിലും അവന്‍ കളിച്ചു. എന്നാല്‍ ഒരു മികച്ച പ്രകടനം പോലും താരം നടത്തിയില്ല. ഒരുപാട് താരങ്ങള്‍ ഐപിഎല്ലിലുണ്ട്. അവരെല്ലാം ഓരോ സീസണിലും മെച്ചപ്പെടാറുമുണ്ട്. 

'ഡെത്ത് ഓവറുകളില്‍ അവര്‍ പൊട്ടിത്തെറിക്കും'; ഹാര്‍ദിക്- പന്ത് എന്നിവരുടെ ബാറ്റിംഗ് പൊസിഷനെ കുറിച്ച് ഗവാസ്‌കര്‍

എന്നാല്‍ പരാഗിന്റെ കാര്യത്തില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അവന്‍ കളിക്കുന്ന ബാറ്റിങ് പൊസിഷന്‍ ടി20യില്‍ വളരെ പ്രധാനപ്പെട്ടതാണ്. എല്ലാവരും പറയുന്നപോലെ വലിയ കഴിവുണ്ടെന്ന് കരുതുന്നില്ല. അതിവേഗം റണ്‍സുയര്‍ത്തേണ്ട പൊസിഷനിലാണ് അവന്‍ കളിക്കുന്നത്. ഏല്‍പ്പിച്ച ഉത്തരവാദിത്തം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ചോദ്യങ്ങളുയരും. സ്പിന്നിനും പേസിനുമെതിരേ പൂര്‍ണ്ണതയെത്താത്ത താരമാണ് പരാഗ്. ടോപ് ഓഡറില്‍ പരീക്ഷിക്കാം. ഫിനിഷറായി വലിയ പ്രകടനമൊന്നും അവന്റെ ബാറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല.'' മദന്‍ ലാല്‍ പറഞ്ഞു.

ഗാംഗുലി ബിസിസിഐ അധ്യക്ഷസ്ഥാനം രാജിവച്ചിട്ടില്ല; റിപ്പോര്‍ട്ട് തള്ളി ജയ് ഷാ

ഇത്തവണ തുടര്‍ച്ചയായി നിരാശപ്പെടുത്തിയിട്ടും പരാഗ് ടീമിന്റെ പ്ലേയിങ് 11ല്‍ തുടര്‍ച്ചയായി ഉള്‍പ്പെട്ടു. സീസണില്‍ 17 മത്സരത്തില്‍ നിന്ന് 183 റണ്‍സാണ് പരാഗ് നേടിയത്. 2019ല്‍ ഏഴ് മത്സരത്തില്‍ നിന്ന് 160 റണ്‍സും സ്വന്തമാക്കി. 2020 സീസണിലേക്ക് വരുമ്പോള്‍ 12 മത്സരത്തില്‍ നിന്ന് 86 റണ്‍സാണ് നേടിയത്. 2021ല്‍ 11 മത്സരത്തില്‍ നേടിയത് 93 റണ്‍സ്.