ഒരുകാലത്ത് കോലി (Virat Kohli) സച്ചിന്റെ എല്ലാ റെക്കോര്‍ഡുകളും ഭേദിക്കുമെന്നുള്ള പ്രതീതിയുണ്ടായിരുന്നു. എന്നാല്‍ അടുത്തകാലത്ത് മികച്ച ഫോമിലല്ല കോലി. അന്താരാഷ്ട്ര സെഞ്ചുറി നേടിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. 

മുംബൈ: സച്ചിന്‍ ടെന്‍ഡുല്‍ക്കറാണോ (Sachin Tendulkar) വിരാട് കോലിയാണോ മികച്ച താരമെന്നുള്ള ചോദ്യം പലപ്പോഴായി ക്രിക്കറ്റ് ലോകം കേട്ടിട്ടുണ്ട്. അതിനുപ്പൊഴും വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരമരൊരു താരതമ്യത്തിന്റെ ആവശ്യമില്ലെന്നാണ് പറയാറ്. ഒരുകാലത്ത് കോലി (Virat Kohli) സച്ചിന്റെ എല്ലാ റെക്കോര്‍ഡുകളും ഭേദിക്കുമെന്നുള്ള പ്രതീതിയുണ്ടായിരുന്നു. എന്നാല്‍ അടുത്തകാലത്ത് മികച്ച ഫോമിലല്ല കോലി. അന്താരാഷ്ട്ര സെഞ്ചുറി നേടിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. 

ഏകദിനത്തില്‍ സച്ചിന്‍ നേടിയ 49 സെഞ്ചുറികള്‍ക്കൊപ്പമെത്താന്‍ കോലിക്ക് ആറെണ്ണം കൂടി മതി. എന്നാല്‍ 50 സെഞ്ചുറികളിലെത്താന്‍ കോലിയുടെ ഈ ഫോം മതിയാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇപ്പോള്‍ കോലിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ കോച്ച് അന്‍ഷുമാന്‍ ഗെയ്ക്‌വാദ്. എപ്പോഴും ഫിറ്റ്‌നെസ് സൂക്ഷിക്കുന്ന കോലി 200 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''കരിയറില്‍ 100 ടെസ്റ്റുകള്‍ കളിക്കുകയെന്നത് വലിയ നേട്ടമാണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് അദ്ദേഹം നേടിയ പരിചയമ്പത്ത് വലുതാണ്. ശരീരം ഫിറ്റായിരിക്കുന്നിടത്തോളം കാലം കോലിയെ ആര്‍ക്കും തൊടാന്‍ പോലുമാകില്ല. ഈ അവസ്ഥയില്‍ 200 ടെസ്റ്റുകള്‍ കോലിക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്രത്തോളം ടെസ്റ്റുകള്‍ ടീം കളിക്കുന്നുണ്ട്. ഏഴോ എട്ടോ വര്‍ഷം കൊണ്ട് കോലിക്ക് മാന്ത്രിക സഖ്യയിലെത്താന്‍ സാധിക്കും. എനിക്കുറപ്പാണ് അദ്ദേഹത്തിന് അടുത്ത 10 വര്‍ഷം കൂടി ക്രിക്കറ്റില്‍ തുടരാനാകുമെന്ന്.'' ഗെയ്കവാദ് പറഞ്ഞു.

തോല്‍ക്കാന്‍ ആഗ്രഹിക്കാത്ത മനസാണ് കോലിയുടേതെന്നും അദ്ദേഹം പറഞ്ഞു. ''അദ്ദേഹത്തിന്റെ വ്യക്തിത്വം, പ്രകൃതം, ഗ്രൗണ്ടിലെ ചലനങ്ങള്‍... ഇവയെല്ലാം സൂചിപ്പിക്കുന്നത് അദ്ദേഹം തോല്‍ക്കാന്‍ ആഗ്രഹിക്കാത്ത താരമാണെന്നാണ്. അവസാനം ശ്വസം വരെ പൊരുതാന്‍ കെല്‍പ്പുള്ള താരമാണ് കോലി. പുതിയ താരങ്ങള്‍ വന്നും പോയികൊണ്ടുമിരിക്കുന്നു. എന്നാല്‍ കോലി കളിച്ചുകൊണ്ടേയിരിക്കുന്നു. എല്ലാം സാധ്യമാണെന്നാണ് കോലി തെളിയിക്കുന്നത്.'' ഗെയ്ക്‌വാദ് കൂട്ടിച്ചേര്‍ത്തു.

1998ല്‍ സച്ചിന്റെ തന്റെ ഫോമിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ ഗെയ്ക്‌വാദ് ഇന്ത്യയുടെ കോച്ചായിരുന്നു. അക്കാലയളവില്‍ ഏകദിനത്തിലും ടെസ്റ്റിലുമായി സച്ചിന്‍ 42 ഇന്നിംഗ്‌സില്‍ നിന്ന് 2541 റണ്‍സാണ് നേടിയത്. 68.67 ആയിരുന്നു സച്ചിന്റെ ശരാശരി. ഇതില്‍ 12 സെഞ്ചുറികളും എട്ട് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. അതുപൊലൊരു വര്‍ഷം കോലിക്കുമുണ്ടായിരുന്നു. 2016ല്‍ കോലി 41 ഇന്നിംഗ്‌സില് നിന്ന് 2595 റണ്‍സാണ് നേടിയിരുന്നത്.