'സ്‌കൈബോള്‍ vs ബാസ്‌ബോള്‍, ഇനിയാണ് ഇന്ത്യക്ക് യഥാര്‍ത്ഥ പരീക്ഷണം'; ഇംഗ്ലണ്ട് കരുത്തരെന്ന് അശ്വിന്‍
ഇന്ത്യയെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥ പരീക്ഷണമായിരിക്കുമെന്ന് അശ്വിന്‍ വ്യക്തമാക്കി.

ചെന്നൈ: ഇന്ത്യ - ഇംഗ്ലണ്ട് ടി20 പരമ്പര ആവേശകരമായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ഇന്ന് കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴിനാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ന് നടക്കുന്നത്. ബാറ്റര്‍മാര്‍ക്ക് അനുകൂലമായ പിച്ചാണ് ഈഡനില്‍ ഒരുക്കിയിരിക്കുന്നത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ സഞ്ജു ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. മുഹമ്മദ് ഷമി പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന പരമ്പരയാണിത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥ പരീക്ഷണമായിരിക്കുമെന്ന് അശ്വിന്‍ വ്യക്തമാക്കി. ''ബംഗ്ലാദേശ് ഒരു ദുര്‍ബല ടീമായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് മികച്ചതായിരുന്നെങ്കിലും ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് നയിച്ചത് രണ്ടാംനിര പേസര്‍മാരായിരുന്നു. ബംഗ്ലാദേശ് ഇന്ത്യയുമായി താരതമ്യപ്പെടുത്താവുന്ന ടീമായിരുന്നില്ല. ആ പരമ്പര ടീം കരുത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനമായി കണക്കാക്കേണ്ടതില്ലെന്നാണ് എന്റെ വിശ്വാസം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ, അവരുടെ പല പ്രധാന കളിക്കാര്‍ക്കും വിശ്രമം നല്‍കി. ഞങ്ങളുടെ ബാറ്റര്‍മാര്‍ വലിയ ടോട്ടലുകള്‍ നേടി മുതലെടുത്തു.'' അശ്വിന്‍ പറഞ്ഞു.
തിരിച്ചുവരവില്‍ സവിശേഷ പട്ടികയില്‍ ഇടം പിടിക്കാന്‍ മുഹമ്മദ് ഷമി! വേണ്ടത് രണ്ട് വിക്കറ്റുകള്‍ മാത്രം
അശ്വിന്‍ തുടര്‍ന്നു... ''ഇന്ത്യയുടെ നിര്‍ഭയ ക്രിക്കറ്റിന്റെ പുതിയ യുഗം ഉയര്‍ന്ന നിലവാരമുള്ള ഇംഗ്ലണ്ടിനെതിരെ പരീക്ഷിക്കപ്പെടും. ഈ പരമ്പര ടീമിന്റെ കഴിവുകളുടെ ശരിയായ പരീക്ഷണമായിരിക്കും. 'ബാസ്‌ബോള്‍ - സ്‌കൈബോള്‍' ഒരു ആവേശകരമായ കാഴ്ച്ചയായിരിക്കും. എല്ലാ വേദികളും ബാറ്റിംഗ് അനുകൂലമാണ്. ഇരു ടീമുകളും ശക്തരായ ഹിറ്ററുകളാല്‍ നിറഞ്ഞിരിക്കുന്നു. ആക്രമണാത്മക ബാറ്റിംഗ് ആസ്വദിക്കുന്ന ആരാധകര്‍ക്ക് ഇതൊരു ദൃശ്യവിരുന്നായിരിക്കും.'' അശ്വിന്‍ കൂട്ടിചേര്‍ത്തു.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍
അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.
