ജോഗീന്ദര്‍ ശര്‍മ ഉള്‍പ്പെടെ ആറ് പേര്‍ മകനെ സ്വത്ത് തര്‍ക്ക കേസില്‍ മാനസികമായി പീഡിപ്പിച്ചെന്നും പറഞ്ഞ് പവന്റെ മാതാവ് പരാതി നല്‍കി. ഇതിന്റെ മനോവിഷമത്തിലാണ് മകന്‍ ജീവനൊടുക്കിയതെന്നും പരാതിയില്‍ പറയുന്നുണ്ട്.
ന്യൂഡല്‍ഹി: ഹിസാര്‍ സ്വദേശി പവന്‍ എന്ന യുവാവ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നിലവില്‍ പൊലീസ് ഉദ്യോഗസ്ഥനുമായ ജോഗിന്ദര്‍ ശര്‍മ പ്രതിപ്പട്ടികയില്‍. ഹരിയാനയിലെ ഡിഎസ്പിയായ ജോഗീന്ദര്‍ ഉള്‍പ്പെടെ ആറുപേരാണ് കേസില്‍ പ്രതികളായുള്ളത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ജനുവരി ഒന്നിനാണ് ഹിസാര്‍ സ്വദേശി ആത്മഹത്യ ചെയ്തത്.
പിന്നാലെ ജോഗീന്ദര്‍ ശര്‍മ ഉള്‍പ്പെടെ ആറ് പേര്‍ മകനെ സ്വത്ത് തര്‍ക്ക കേസില്‍ മാനസികമായി പീഡിപ്പിച്ചെന്നും പറഞ്ഞ് പവന്റെ മാതാവ് പരാതി നല്‍കി. ഇതിന്റെ മനോവിഷമത്തിലാണ് മകന്‍ ജീവനൊടുക്കിയതെന്നും പരാതിയില്‍ പറയുന്നുണ്ട്. മാത്രമല്ല, പവന്റെ മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബം വിസ്സമതിക്കുകയും ചെയ്തു. മകന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് ഹിസാര്‍ സിഎംഒ ഓഫിസിനു മുന്നില്‍ കുത്തിയിരിപ്പ് പ്രതിഷേധവും നടത്തി.
ജോഗീന്ദറിനു പുറമെ, ഹോക്കി പരിശീലകന്‍ രാജേന്ദ്ര സിങ്, അജയ്‌വീര്‍, ഇശ്വാര്‍ ജാജരിയ, പ്രേം ഖാട്ടി, അര്‍ജുന്‍ എന്നിവരാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് തനിക്ക് ഒരു ബന്ധവുമില്ലെന്ന് ജോഗിന്ദര്‍ വ്യക്തമാക്കി. മാത്രമല്ല, പവന്‍ എന്ന വ്യക്തിയെ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
2004ല്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച താരമാണ് ജോഗിന്ദര്‍. 2007 പ്രഥമ ടി20 ലോകകപ്പ് ഫൈനില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതില്‍ ജോഗിന്ദറിന്റെ പങ്ക് നിര്‍ണായകമായിരുന്നു. അന്ന് പാകിസ്ഥാനെതിരെ അവസാന ഓവര്‍ എറിഞ്ഞാണ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചത്. അവസാന ഓവറില്‍ മിസ്ബ ഉള്‍ ഹഖിനെ പുറത്താക്കുകയായിരുന്നു ജോഗിന്ദര്‍. പിന്നാലെയാണ് ഹരിയാന പൊലീസില്‍ ഡിഎസ്പിയായി നിയമനം ലഭിക്കുന്നത്. 2023ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുകയായിരുന്നു.
