2026 ഐപിഎല്‍ സീസണ്‍ എം എസ് ധോണിയുടെ അവസാനത്തേതാകുമെന്ന് മുന്‍ താരം റോബിന്‍ ഉത്തപ്പ. ഈ സീസണില്‍ മെന്റര്‍ റോളിലേക്ക് മാറുന്ന ധോണിയുടെ പിന്‍ഗാമിയായി സഞ്ജു സാംസണെ സിഎസ്‌കെ പരിഗണിക്കുന്നു എന്ന അഭ്യൂഹങ്ങളും ശക്തമാണ്.
ചെന്നൈ: ക്രിക്കറ്റ് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എം എസ് ധോണിയുടെ ഐപിഎല്‍ ഭാവിയില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി മുന്‍ താരം റോബിന്‍ ഉത്തപ്പ. 2026 ഐപിഎല്‍ സീസണ്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മഞ്ഞ ജേഴ്‌സിയില്‍ ധോണിയുടെ അവസാനത്തേതാകാന്‍ സാധ്യതയുണ്ടെന്ന് ഉത്തപ്പ അഭിപ്രായപ്പെട്ടു. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നായകനായ ധോണി തന്റെ 19ാം സീസണിനുള്ള തയ്യാറെടുപ്പിലാണ്. ഈ സീസണില്‍ ധോണിയുടെ പങ്കില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്ന് ഉത്തപ്പ നിരീക്ഷിക്കുന്നു.
ഉത്തപ്പ വിശദീകരിക്കുന്നതിങ്ങനെ... ''ഈ വര്‍ഷം ധോണി ഒരു മെന്റര്‍ പ്ലെയര്‍ എന്ന നിലയിലാകും കൂടുതല്‍ ശ്രദ്ധ നല്‍കുക. അദ്ദേഹം ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല, മറിച്ച് എട്ടാം നമ്പറിലേക്ക് മാറിയേക്കാം. വിരമിക്കലിന് മുന്നോടിയായി ടീമിലെ തന്റെ സാന്നിധ്യം കുറച്ചുകൊണ്ടുവരാനാകും അദ്ദേഹം ശ്രമിക്കുക. എങ്കില്‍ മാത്രമേ ഋതുരാജ് ഗെയ്ക്വാദ് എന്ന ക്യാപ്റ്റന്റെ പൂര്‍ണ്ണമായ കഴിവ് പുറത്തുവരൂ.'' ഉത്തപ്പ പറഞ്ഞു.
പിന്‍ഗാമിയായി സഞ്ജു സാംസണ്‍?
ധോണിയുടെ വിരമിക്കല്‍ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ മലയാളി താരം സഞ്ജു സാംസണെ സിഎസ്‌കെ ടീമിലെത്തിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ധോണിയുടെ പിന്‍ഗാമിയായി സഞ്ജുവിനെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ കരുതുന്നത്. 44കാരനായ ധോണി ഇപ്പോള്‍ ചെന്നൈയില്‍ ടീമിനൊപ്പം തീവ്രമായ പരിശീലനത്തിലാണ്. ധോണി ഈ സീസണിലെ എല്ലാ മത്സരങ്ങളിലും ലഭ്യമാകുമെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും ടീം മാനേജ്മെന്റിന്റെ തീരുമാനപ്രകാരം അദ്ദേഹത്തിന്റെ ജോലിഭാരം നിയന്ത്രിക്കപ്പെട്ടേക്കാം.
തിരിച്ചുവരവ് ലക്ഷ്യം വച്ച് ചെന്നൈ
2025ലെ ഐപിഎല്‍ സീസണില്‍ ചരിത്രത്തിലാദ്യമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്സ്. ഈ തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റാനും ഗെയ്ക്വാദിന് കീഴില്‍ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കാനുമാണ് ചെന്നൈ ലക്ഷ്യമിടുന്നത്. ധോണിയുടെ സാന്നിധ്യം ഈ തിരിച്ചുവരവില്‍ നിര്‍ണായകമാകും. ഐപിഎല്‍ ചരിത്രത്തില്‍ 278 മത്സരങ്ങളില്‍ നിന്ന് 5439 റണ്‍സ് നേടിയിട്ടുള്ള ധോണി, അഞ്ച് തവണയാണ് ചെന്നൈയെ കിരീടത്തിലേക്ക് നയിച്ചത്. ഈ സീസണ്‍ ധോണിയുടെ കരിയറിലെ മനോഹരമായ ഒരു അവസാന അധ്യായമാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

