ഏഷ്യാ കപ്പും ലോകകപ്പും അടുത്തിരിക്കെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ അയര്‍ലന്‍ഡിലെത്തിയത്. ജസ്പ്രിത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്.

മുംബൈ: അയര്‍ലന്‍ഡിനെതിരെ ടി20 പരമ്പരയില്‍ ജയത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ഇന്നലെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 6.5 ഓവറില്‍ രണ്ടിന് 47 നിലയിലെത്തി നില്‍ക്കെ മഴയെത്തുകയായിരുന്നു. മഴ കനത്തതോടെ കളി മുടങ്ങി. ഇതോടെ ഇന്ത്യയെ വിജയികളെ പ്രഖ്യാപിച്ചു.

ഏഷ്യാ കപ്പും ലോകകപ്പും അടുത്തിരിക്കെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ അയര്‍ലന്‍ഡിലെത്തിയത്. ജസ്പ്രിത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്. വിരാട് കോലി, സൂര്യകുമാര്‍ യാദവ്, രോഹത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരൊന്നും ടീമിലില്ല. അതുകൊണ്ടുതന്നെ പുതുമുഖ താരങ്ങളെയാണ് ഇന്ത്യ പരീക്ഷിക്കുന്നത്. ഐപിഎല്‍ സെന്‍സേഷന്‍ റിങ്കു സിംഗ്, പരിക്ക് മോചിതനായെത്തിയ പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോള്‍ റിങ്കുവിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കിരണ്‍ മോറെ.

അടുത്ത യുവരാജ് സിംഗ് അല്ലെങ്കില്‍ എം എസ് ധോണി ആവേണ്ട താരമാണ് റിങ്കുവെന്നാണ് മോറെ പറയുന്നത്. മുന്‍ വിക്കറ്റ് കീപ്പറുടെ വാക്കുകള്‍... ''റിങ്കു ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത് കാണാന്‍ കാണാന്‍ കാത്തിരിക്കുകയാണ് ഞാന്‍. 5-6 സ്ഥാനങ്ങളില്‍ അദ്ദേഹത്തിന് ബാറ്റിംഗ് നല്‍കൂ. ആ പൊസിഷനില്‍ അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയും. ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ റിങ്കുവിന് സാധിക്കും. നമുക്ക് ധോണിയും യുവരാജും ഉണ്ടായിരുന്നു.

മലപ്പുറത്ത് സാരിയിലും നൈറ്റിയിലും ഫുട്‌ബോള്‍ കളിച്ച് വീട്ടമ്മമാര്‍; കാല്‍പ്പന്തുകളിയുടെ ഫീല്‍ അനുഭവിച്ചറിയണം!

പിന്നീട് അതുപോലെ രണ്ട് താരങ്ങളെ ഇന്ത്യക്ക് ലഭിച്ചിട്ടില്ല. നമ്മള്‍ ശ്രമിച്ചു, എന്നാല്‍ ലഭിച്ചില്ല. ഇപ്പോഴാണെങ്കില്‍ തിലക് വര്‍മയും ആ സ്ഥാനത്തിന് യോജിച്ച താരമാണ്. മികച്ച ഫീല്‍ഡര്‍ കൂടിയാണ് റിങ്കു. ആഭ്യന്തര ക്രിക്കറ്റിലും ഞാന്‍ അവനെ ശ്രദ്ധിച്ചിട്ടുണ്ട്. ഓരോ മത്സരം കഴിയുന്തോറും അവന്‍ ഗംഭീര പ്രകടനം പുറത്തെടുക്കുന്നു.'' മോറെ വ്യക്തമാക്കി.

ആദ്യ ടി20യില്‍ റിങ്കുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. അപ്പോഴേക്കും മഴയെത്തുകയും ഇന്ത്യ വിജയിക്കുകയും ചെയ്തു.