ദുലീപ് ട്രോഫിയില്‍ റിഷഭ് പന്തിനെ നായകനാക്കാത്തത് അനീതി! കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം
അഭ്യമന്യുവിന് കീഴിലാണ് പന്ത് കളിക്കേണ്ടത്. ഒരു സമയത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ക്യാപ്റ്റനെന്ന് വിലയിരുത്തപ്പെട്ട താരമായിരുന്നു പന്ത്.
ദില്ലി: കഴിഞ്ഞ ദിവസമാണ് ദുലീപ് ട്രോഫിക്കുള്ള നാല് ടീമുകളെ പ്രഖ്യാപിച്ചത്. ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്കവാദ്, അഭിമന്യു ഈശ്വരന്‍ എന്നിവരാണ് വിവിധ ടീമുകളെ നയിക്കുന്നത്. അതേസമയം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഒരു ടീമിന്റേയും ക്യാപ്റ്റനല്ല. അഭ്യമന്യുവിന് കീഴിലാണ് പന്ത് കളിക്കേണ്ടത്. ഒരു സമയത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ക്യാപ്റ്റനെന്ന് വിലയിരുത്തപ്പെട്ട താരമായിരുന്നു പന്ത്. എന്നാലിപ്പോള്‍ ദുലീപ് ട്രോഫിയില്‍ അദ്ദേഹത്തിന് നായകനാവാന്‍ സാധിച്ചില്ല.
ഇപ്പോള്‍ പന്തിനെ മാറ്റിയ സംഭവത്തോട് പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ''പന്ത് ക്യാപ്റ്റന്‍ അല്ല. അഭിമന്യുവിന്റെ ടീമിലാണ് അദ്ദേഹം കളിക്കുന്നത്. അതില്‍ ഞാന്‍ തെറ്റൊന്നും കാണുന്നില്ല. എന്നിരുന്നാലും പന്ത് ടെസ്റ്റ് ക്യാപ്റ്റന്‍സിക്ക് അര്‍ഹനല്ലേ? ഇക്കാര്യത്തില്‍ എനിക്ക് അല്‍പ്പം ആശ്ചര്യമുണ്ട്. ഞാന്‍ വ്യക്തിപരമായി ഇതിനോട് യോജിക്കുന്നില്ല. കാരണം, അടുത്ത കാലത്ത് ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് പന്ത്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ടെസ്റ്റ് മത്സരങ്ങളില്‍ സെഞ്ച്വറി നേടിയ ഒരേയൊരു വിക്കറ്റ് കീപ്പര്‍ അദ്ദേഹമാണ്.'' ചോപ്ര പറഞ്ഞു.
പന്തിന് നായകസ്ഥാനം നല്‍കേണ്ടിയിരുന്നുവെന്നും ചോപ്ര കൂട്ടിചേര്‍ത്തു. ''ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹം കളിക്കുകയും സ്ഥിരമായി റണ്‍സ് നേടുകയും ചെയ്യുന്ന രീതി നോക്കൂ. വ്യക്തിപരമായി അദ്ദേഹം ഒരു ക്യാപ്റ്റന്‍സി അര്‍ഹിച്ചിരുന്നു. അദ്ദേഹത്തെ ക്യാപ്റ്റനാക്കാത്തത് അനീതിയായി എനിക്ക് തോന്നുന്നു.'' ചോപ്ര വ്യക്തമാക്കി. ടീം ബിയിലാണ് പന്ത് കളിക്കുന്നത്.
ടീം ബി: അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, മുഷീര്‍ ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍, മുകേഷ് കുമാര്‍, രാഹുല്‍ ചാഹര്‍, ആര്‍ സായ് കിഷോര്‍, മോഹിത് അവസ്തി, എന്‍ ജഗദീശന്‍.