ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സിന്റെ തുടര്‍ തോല്‍വികളെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഹാര്‍ദിക് പാണ്ഡ്യയെ മാറ്റി രോഹിത് ശര്‍മ്മയെ തിരികെ നിയമിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി ആവശ്യപ്പെട്ടു.
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നേരിടുന്ന ദയനീയ പരാജയങ്ങളുടെ പശ്ചാത്തലത്തില്‍, ടീമിന്റെ നേതൃസ്ഥാനത്ത് അടിയന്തര മാറ്റം വേണമെന്ന് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ഹാര്‍ദിക് പാണ്ഡ്യയെ മാറ്റി ക്യാപ്റ്റന്‍ സ്ഥാനം രോഹിത് ശര്‍മ്മയ്ക്ക് തന്നെ തിരികെ നല്‍കണമെന്ന് തിവാരി ആവശ്യപ്പെട്ടു. അഞ്ച് മത്സരങ്ങളില്‍ നാലിലും തോറ്റ് പോയിന്റ് പട്ടികയില്‍ താഴെ നില്‍ക്കുന്ന മുംബൈയുടെ അവസ്ഥ പരിഗണിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.
രോഹിത്തിനെ മാറ്റിയത് അനീതി
ക്രിക്ബസിലെ ചര്‍ച്ചയ്ക്കിടെയാണ് മനോജ് തിവാരി തന്റെ നിലപാട് വ്യക്തമാക്കിയത്. ഹാര്‍ദിക്കിന്റെ നേതൃപാടവത്തെ ചോദ്യം ചെയ്ത അദ്ദേഹം രോഹിത്തിന്റെ മുന്‍കാല നേട്ടങ്ങളെ ഓര്‍മ്മിപ്പിച്ചു. ''വിജയങ്ങള്‍ ഇല്ലാതാകുമ്പോള്‍ അതിന്റെ മൂലകാരണം പരിശോധിക്കണം. 2015 മുതല്‍ 2023 വരെ മുംബൈയ്ക്ക് നിരവധി കിരീടങ്ങള്‍ നേടിക്കൊടുത്തത് രോഹിത് ശര്‍മയാണ്. അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് വലിയ അനീതിയായിരുന്നു. ടീമിന് ഒരു പരിഹാരം വേണമെന്നുണ്ടെങ്കില്‍, ഹാര്‍ദിക് സ്വയം മാറിനിന്ന് രോഹിത്തിന് ചുമതല കൈമാറണം.'' തിവാരി പറഞ്ഞു.
ശ്രേയസ് അയ്യരുടെ കീഴില്‍ പഞ്ചാബ് കിങ്സ് മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ഹാര്‍ദിക്കിന്റെ തീരുമാനങ്ങള്‍ ദുര്‍ബലമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമര്‍ശനങ്ങള്‍ കടുക്കുമ്പോഴും ഹാര്‍ദിക്കിനെ മാത്രം പഴിചാരുന്നത് ശരിയല്ലെന്ന നിലപാടിലാണ് മുംബൈ ഇന്ത്യന്‍സ് ഹെഡ് കോച്ച് മഹേല ജയവര്‍ധനെ. തോല്‍വിക്ക് കാരണം ഒരാള്‍ മാത്രമല്ലെന്നും താനുള്‍പ്പെടെയുള്ള മാനേജ്മെന്റിനും താരങ്ങള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ജയവര്‍ധനെ പറഞ്ഞു. ടീമിനെ എങ്ങനെ മെച്ചപ്പെടുത്താം എന്നതില്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സീസണില്‍ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് മുംബൈയ്ക്ക് വിജയിക്കാനായത്. അഞ്ച് കളികളിലായി 972 റണ്‍സാണ് മുംബൈ ബൗളര്‍മാര്‍ വഴങ്ങിയത്. 10.26 എന്ന ഉയര്‍ന്ന ഇക്കോണമി റേറ്റ് ടീമിന്റെ നിയന്ത്രണമില്ലായ്മ വെളിപ്പെടുത്തുന്നു. വ്യക്തിഗത പ്രകടനത്തിലും ഹാര്‍ദിക് പിന്നിലാണ്. കളിച്ച നാല് മത്സരങ്ങളില്‍ നിന്ന് 81 റണ്‍സും 2 വിക്കറ്റും മാത്രമാണ് അദ്ദേഹം നേടിയത്. ഒരു മത്സരം പനി കാരണം അദ്ദേഹത്തിന് നഷ്ടമായിരുന്നു.
പഞ്ചാബ് കിങ്സിനെതിരെ നേരിട്ട തോല്‍വി ടീമിനുള്ളിലെ അസ്വാരസ്യങ്ങള്‍ കൂടുതല്‍ പരസ്യമാക്കുന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വരാനിരിക്കുന്ന മത്സരങ്ങളില്‍ വന്‍ മാറ്റങ്ങള്‍ ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
