ഐപിഎലിലെ ഇംപാക്ട് പ്ലെയര്‍ നിയമം ബൗളര്‍മാര്‍ക്ക് കടുത്ത സമ്മര്‍ദ്ദം നല്‍കുന്നുവെന്നും ബാറ്റ്സ്മാന്‍മാര്‍ക്ക് അനാവശ്യ മുന്‍തൂക്കം നല്‍കുന്നുവെന്നും മുന്‍ താരം സുരേഷ് റെയ്‌ന. ഈ നിയമം കാരണം ടീമുകൾ അനായാസം വലിയ സ്കോറുകൾ നേടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, ഇന്ത്യൻ താരങ്ങൾ വിദേശ ലീഗുകളിൽ കളിക്കാത്തതിനെ റെയ്‌ന പിന്തുണയ്ക്കുകയും ചെയ്തു.
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഇംപാക്ട് പ്ലെയര്‍ നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌ന. ഈ നിയമം ബൗളര്‍മാരുടെ ജോലി കൂടുതല്‍ ദുഷ്‌കരമാക്കിയെന്നും ബാറ്റ്സ്മാന്‍മാര്‍ക്ക് അനാവശ്യമായ മുന്‍തൂക്കം നല്‍കുന്നുണ്ടെന്നും റെയ്‌ന അഭിപ്രായപ്പെട്ടു. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുടെ പോഡ്കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇംപാക്ട് പ്ലെയര്‍ നിയമം മൂലം ടീമുകള്‍ അനായാസം 200-300 റണ്‍സ് സ്‌കോര്‍ ചെയ്യുന്ന സ്ഥിതിയാണുള്ളതെന്ന് റെയ്‌ന ചൂണ്ടിക്കാട്ടി. ''ഇംപാക്ട് പ്ലെയര്‍ നിയമത്തിനെതിരെയാണ് ഞാന്‍. ഫിറ്റായ പല താരങ്ങളും ബാറ്റ് ചെയ്ത് പുറത്തുകടന്ന് വെറുതെയിരിക്കുന്നു. ബൗളര്‍മാര്‍ക്ക് അവിടെ ഒന്നുമില്ല. ബൗളര്‍മാരെ സംബന്ധിച്ച് ഇത് വളരെ കടുപ്പമേറിയതാണ്. ഇപ്പോള്‍ 300 റണ്‍സ് വരെ പിറക്കുന്നുണ്ട്. കൂടുതല്‍ ബാറ്റ്സ്മാന്‍മാര്‍ ഉണ്ടാകുമ്പോള്‍ അത് ബൗളര്‍മാരുടെ മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കും.'' റെയ്‌ന പറഞ്ഞു.
2023-ല്‍ ഐപിഎലില്‍ അവതരിപ്പിച്ച ഇംപാക്ട് പ്ലെയര്‍ നിയമപ്രകാരം, ടോസിനു ശേഷം ടീമുകള്‍ക്ക് അഞ്ച് പകരക്കാരെ തിരഞ്ഞെടുക്കാം. ഇതില്‍ ഒരാള്‍ക്ക് മത്സരത്തിനിടയില്‍ പ്ലേയിംഗ് ഇലവനിലെ മറ്റൊരു താരത്തിന് പകരമായി ഇറങ്ങാന്‍ സാധിക്കും. ഈ അധിക ബാറ്റിംഗ് ഓപ്ഷന്‍ ബാറ്റ്സ്മാന്‍മാരുടെ ഭാഗത്തേക്ക് വിജയസാധ്യത കാര്യമായി മാറ്റിയെന്നും, ഓള്‍റൗണ്ടര്‍മാരുടെ പ്രാധാന്യം കുറച്ചുവെന്നും റെയ്‌ന വിലയിരുത്തി. സജീവ ഇന്ത്യന്‍ താരങ്ങള്‍ വിദേശ ഫ്രാഞ്ചൈസി ടി20 ലീഗുകളില്‍ കളിക്കുന്നത് തടഞ്ഞ ബിസിസിഐയുടെ തീരുമാനത്തെയും റെയ്‌ന പിന്തുണച്ചു.
നമ്മുടെ ലീഗ് ഇപ്പോള്‍ വളരെ വലുതായി വളര്‍ന്നിട്ടുണ്ടെന്നും അതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ മറ്റ് ലീഗുകളില്‍ കളിക്കേണ്ടതില്ലെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. ''ഇന്ത്യന്‍ താരങ്ങളെ ഇപ്പോള്‍ അതിന് അനുവദിക്കരുത് എന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ ലീഗ് വളരെ വലുതായിക്കഴിഞ്ഞു. മുന്‍കാലങ്ങളില്‍ ഞങ്ങള്‍ വിദേശ പര്യടനങ്ങള്‍ക്ക് പോകുമ്പോള്‍ ഇതിനെക്കുറിച്ച് ചോദിക്കാറുണ്ടായിരുന്നു. പണ്ട് ഞാന്‍ അതിന് അനുകൂലമായ മറുപടി നല്‍കുമായിരുന്നുവെങ്കിലും, ഇപ്പോള്‍ നമ്മുടെ ലീഗ് ലോകം ഭരിക്കുന്ന ഒന്നായി മാറിയിരിക്കുന്നു.'' റെയ്‌ന കൂട്ടിച്ചേര്‍ത്തു.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ താരങ്ങളില്‍ ഒരാളായ സുരേഷ് റെയ്‌ന 228 മത്സരങ്ങളില്‍ നിന്നായി ഒരു സെഞ്ച്വറിയും 39 അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടെ 5,528 റണ്‍സ് നേടിയിട്ടുണ്ട്. സിഎസ്‌കെയ്‌ക്കൊപ്പം മൂന്ന് തവണ അദ്ദേഹം കിരീടമുയര്‍ത്തി.

