സ്റ്റീഫന്‍ ഫ്‌ളെമിംഗിന് പകരക്കാരനായി ദിനേശ് കാര്‍ത്തികിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അടുത്ത പരിശീലകനായി പരിഗണിക്കണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം മാത്യു ഹെയ്ഡന്‍. തമിഴ്‌നാട്ടുകാരനാണെന്നതും മികച്ച പരിശീലകര്‍ക്ക് കീഴില്‍ പ്രവര്‍ത്തിച്ച പരിചയവുമുള്ള കാര്‍ത്തിക് ഈ സ്ഥാനത്തിന് ഏറ്റവും അനുയോജ്യനാണെന്ന് ഹെയ്ഡന്‍ വിശ്വസിക്കുന്നു.
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുഖ്യ പരിശീലകനായി ദിനേശ് കാര്‍ത്തികിനെ നിര്‍ദ്ദേശിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍. സ്റ്റീഫന്‍ ഫ്‌ളെമിംഗ് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ സിഎസ്‌കെയുമായിട്ടുള്ള നീണ്ട ബന്ധം അവസാനിപ്പിച്ചിരുന്നു. അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ സിഎസ്‌കെ പുതിയ പരിശീലകനെ കണ്ടെത്തേണ്ടതായുണ്ട്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്റെ പേരും ഈ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും, ദിനേശ് കാര്‍ത്തിക് ഈ പദവിക്ക് ഏറ്റവും അനുയോജ്യനാണെന്ന് ഹെയ്ഡന്‍ വിശ്വസിക്കുന്നു.
വിസ്ഡന്‍ ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ഹെയ്ഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ''ദിനേശ് കാര്‍ത്തിക് സിഎസ്‌കെയ്ക്ക് വളരെ മികച്ച ഒരു ചോയ്സ് ആയിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ആന്റി ഫ്‌ളവര്‍ പോലുള്ള ലോകോത്തര പരിശീലകരുടെ കീഴില്‍ പ്രവര്‍ത്തിച്ച പരിചയം അദ്ദേഹത്തിനുണ്ട്. കൂടാതെ താനൊരു തമിഴ്‌നാട്ടുകാരനാണെന്നത് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. അത് നിര്‍ബന്ധമുള്ള കാര്യമല്ലെങ്കിലും, തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ ശക്തമായ പിന്തുണ എക്കാലത്തും സിഎസ്‌കെയ്ക്കുണ്ടായിട്ടുണ്ട്. അതിനാല്‍ പ്രാദേശിക വേരുകളുള്ള ഒരാള്‍ പരിശീലകനാകുന്നത് സിഎസ്‌കെയുടെ അടുത്ത മികച്ച ചുവടുവെപ്പായിരിക്കും.'' അദ്ദേഹം പറഞ്ഞു.
2024-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ദിനേശ് കാര്‍ത്തിക് പരിശീലകരംഗത്തേക്ക് ചുവടുവെച്ചിരുന്നു. 2025-ലെ ഐപിഎല്‍ സീസണിന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ബാറ്റിംഗ് കോച്ചായും മെന്ററായും അദ്ദേഹം ചുമതലയേറ്റിരുന്നു. ഫ്രാഞ്ചൈസിയുടെ അന്നത്തെ മുഖ്യ പരിശീലകനായ ആന്റി ഫ്‌ളവറിനൊപ്പമാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.
ഐപിഎല്‍ ടീമുകളെ പരിശീലിപ്പിക്കുമ്പോള്‍ വിദേശ പരിശീലകര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഹെയ്ഡന്‍ എടുത്തുപറഞ്ഞു. യുവതാരങ്ങളുമായി ആശയവിനിമയം നടത്തുമ്പോള്‍ വിദേശ പരിശീലകര്‍ക്ക് ചില ഭാഷാ തടസ്സങ്ങള്‍ ഉണ്ടാകാറുണ്ടെന്നും, ദിനേശ് കാര്‍ത്തികിനെപ്പോലെയുള്ള ഒരാള്‍ക്ക് ടീമിനുള്ളില്‍ ആ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സിഎസ്‌കെയുടെ പരിശീലക സ്ഥാനത്തേക്ക് ഇയോന്‍ മോര്‍ഗന്‍ എത്തിയേക്കുമെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ അഭിപ്രായപ്പെട്ടിരുന്നു.

