1978 മുതല്‍ ഏഴ് വര്‍ഷക്കാലം ഇന്ത്യക്കായി 37 ടെസ്റ്റുകളും 42 ഏകദിന മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് യശ്പാല്‍. 1978ല്‍ സിയാല്‍കോട്ടില്‍ പാകിസ്ഥാനെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം.

മുംബൈ: 1983ല്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിലുണ്ടായിരുന്ന യശ്പാല്‍ ശര്‍മ (66) അന്തരിച്ചു. ഹൃദയാഘതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1978 മുതല്‍ ഏഴ് വര്‍ഷക്കാലം ഇന്ത്യക്കായി 37 ടെസ്റ്റുകളും 42 ഏകദിന മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് യശ്പാല്‍. 1978ല്‍ സിയാല്‍കോട്ടില്‍ പാകിസ്ഥാനെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലും അരങ്ങേറി.

1980ല്‍ ഓസ്‌ട്രേലിയക്കെതിരെ ഡല്‍ഹിയിലായിരുന്നു ആദ്യ ടെസ്റ്റ് സെഞ്ചുറി. കൊല്‍ക്കത്തയിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ പുറത്താവാതെ 85 റണ്‍സും നേടി. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം ടെസ്റ്റില്‍ സെഞ്ചുറി നേടിയത്. ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ നേടിയ 140 റണ്‍സായിരുന്നത്. 

അതാവട്ടെ അന്നത്തെ റെക്കോഡുമായിരുന്നു. ഗുണ്ടപ്പ വിശ്വനാഥിനൊപ്പം 316 റണ്‍സാണ് നേടിയത്. ദിവസം മുഴുവന്‍ ഇവര്‍ ബാറ്റ് ചെയ്തിരുന്നു. 1983 ലോകകപ്പിലും യശ്പാല്‍ നിര്‍ണായക സംഭാവന നല്‍കി. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഓള്‍ഡ് ട്രാഫോഡില്‍ ആദ്യ മത്സരത്തില്‍ 89 റണ്‍സാണ് യശ്പാല്‍ നേടിയത്. മാഞ്ചസ്റ്ററില്‍ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതെ 61 റണ്‍സ് നേടി ടോപ് സ്‌കോററായി. 

ടെസ്റ്റില്‍ മാത്രം 1606 റണ്‍സാണ് യശ്പാല്‍ നേടിയത്. രണ്ട് സെഞ്ചുറികളും ഇതിലുള്‍പ്പെടും. 33.46-ാണ് ശരാശരി. ഏകദിനത്തില്‍ 883 റണ്‍സാണ് സമ്പാദ്യം. 89 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 8933 റണ്‍സും നേടി. ഇതില്‍ 21 സെഞ്ചുറികളും ഉള്‍പ്പെടും. പഞ്ചാബ്, ഹരിയാന, റെയല്‍വേസ് എന്നീ ടീമുകളെ പ്രതിനിധീകരിച്ചു.