ദില്ലി: തുടക്കകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എം  എസ് ധോണിക്ക് പ്രമോഷന്‍ കിട്ടിയത് എന്റെ കൂടി സഹായത്തോടെ ആയിരുന്നെന്ന് മുന്‍ ഇന്ത്യന്‍ താരം. 2005ല്‍ പാകിസ്ഥാനെതിരെ വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ അന്ന് ക്യാപറ്റായിരുന്ന സൗരവ് ഗാംഗുലിയാണ് ധോണിക്ക് സ്ഥാനകയറ്റം കൊടുത്തത്. മത്സരത്തില്‍ ധോണി 148 റണ്‍സെടുക്കുകയും ചെയ്തു. 

ഗാംഗുലി അത്തരത്തില്‍ ഒരു തീരുമാനമെടുത്തതിന് പിന്നില്‍ എനിക്കും പങ്കുണ്ടായിരുന്നുവെന്ന് കൈഫ് തമാശയോടെ പറഞ്ഞു. അതിന് പിന്നില്‍ ഒരു രസകരമായ സംഭവമാണ് കൈഫ് വിവരിക്കുന്നത്. ''2004ല്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ധോണിയുടെ അരങ്ങേറ്റം. എന്നാല്‍ റണ്‍സൊന്നുമെടുക്കാതെ ധോണി റണ്ണൗട്ടായി. അന്ന് ധോണിക്കൊപ്പം ഞാനായിരുന്നു ക്രീസിലുണ്ടായിരുന്നത്. തുടക്കകാലത്ത് ആറ്, ഏഴ് പൊസിഷനിലായിരുന്നു ധോണി ബാറ്റ് ചെയ്തിരുന്നത്. 

എന്നാല്‍ വലിയ സ്‌കോറുകള്‍ കണ്ടെത്താന്‍ ധോണി ബുദ്ധിമുട്ടിയിരുന്നു. ഈ പൊസിഷനില്‍ അധികം അവസരം കിട്ടില്ലെന്ന് മനസിലാക്കിയാണ് ധോണിക്ക് സ്ഥാനക്കയറ്റം നല്‍കിയത്. അതുകൊണ്ടുതന്നെ ധോണിയുടെ ഉദയത്തില്‍ എനിക്കും ചെറിയ പങ്കുണ്ട്.'' കൈഫ് ചിരിച്ചുകൊണ്ടുപറഞ്ഞു.

''വിക്കറ്റിനിടയിലെ ഓട്ടത്തിലും ധോണി മിടുക്കനായിരുന്നു. ധോണിയുടെ വേഗം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. ഇപ്പോഴും വിക്കറ്റിനിടയിലെ ഓട്ടത്തില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ചവനാണ് ധോണി. ബട്ടണ്‍ ചിക്കനും ബിരിയാണിയും കഴിക്കുന്ന ആളാണ് ധോണി. ജിമ്മില്‍ അധികം സമയം ചെലവഴിക്കാറുമില്ല. എന്നിട്ടും അവന്റെ വേഗം അവിശ്വസനീയമാണ്. എനിക്കാണ് കായിക ക്ഷമത കൂടുതലെന്ന് ചിന്തയുണ്ടായിരുന്നു. എന്നാല്‍ ധോണിയത് തിരുത്തി.'' കൈഫ് പറഞ്ഞുനിര്‍ത്തി.