ദില്ലി: യുവരാജ് സിംഗ്, ഹര്‍ഭജന്‍ സിംഗ് കൊറോണക്കാലത്ത് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ക്രിക്കറ്റര്‍മാരായിരുന്നു ഇരുവരും. മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയുടെ പേരിലുള്ള ഫൗണ്ടേഷനെയും സഹായിച്ചതിന്റെ പേരിലാണ് ഇരുവരും വിമര്‍ശനങ്ങള്‍ നേരിട്ടത്. ഇവര്‍ ചെയ്തത് രാജ്യദ്രോഹാമാണെന്നുവരെ ആരാധകര്‍ പറഞ്ഞു.

എന്നാല്‍ ഇരുവരെയും വിമര്‍ശിച്ചവരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. അഫ്രീദി ഫൗണ്ടേഷനെ സഹായിച്ചതിന്റെ പേരില്‍ യുവരാജിനേയും ഹര്‍ഭജനേയും ട്രോളുന്നതിന്റെ അര്‍ഥമെന്താണെന്ന് ചോപ്ര ചോദിച്ചു. അദ്ദേഹം തുടര്‍ന്നു... ''രോഗികളെ സംരക്ഷിക്കുന്ന ഒരു ഫൗണ്ടേഷനെ സഹായിച്ചാല്‍ അത് എങ്ങനെയാണ് അഫ്രീദിക്കുള്ള സഹായമായി വ്യാഖ്യാനിക്കുന്നത്. നമ്മുടെയൊക്കെ സഹോദരങ്ങളെത്തന്നെയാണ് സഹായിക്കുന്നത്. ബുദ്ധിമുട്ടനുഭവിക്കുന്ന മനുഷ്യരെ സഹായിക്കുമ്പോള്‍ അവരുടെ രാജ്യവും വംശവും നിറവുമെല്ലാം എങ്ങനെയാണ് പ്രധാനപ്പെട്ടതാകുന്നത്?

ചൈനയിലോ, പാകിസ്ഥാനിലോ ഉള്ള ആളുകള്‍ ഇന്ത്യക്കാരനെ സഹായിച്ചാല്‍ ഞാന്‍ അവര്‍ക്ക് നന്ദി പറയും. അതിനെ കുറ്റപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. സന്തോഷിക്കുക മാത്രമാണ് വേണ്ടത്.'' ചോപ്ര പറഞ്ഞുനിര്‍ത്തി.