സ്ഥിരം ഓപ്പണര്‍ കെ എല്‍ രാഹുല്‍ (KL Rahul) ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. അദ്ദേഹത്തിന് പകരം ശുഭ്മാന്‍ ഗില്‍ ഇറങ്ങുമെന്ന് ഉറപ്പായി. രോഹിത് കളിക്കാന്‍ ആയില്ലെങ്കില്‍ ആര് ഓപ്പണറായെത്തുമെന്നാണ് പ്രധാന ചോദ്യം.

ദില്ലി: ഇംഗ്ലണ്ടിനെതിരായ (ENGvIND) ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരം വെള്ളിയാഴ്ച്ചയാണ് ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടക്കേണ്ട അവസാന മത്സരം ഇന്ത്യന്‍ ക്യാംപില്‍ കൊവിഡ് വ്യാപിച്ചതിനെ തുടര്‍ന്നാണ് മാറ്റിവച്ചത്. എന്നാല്‍ അവസാന ടെസ്റ്റിന് മുമ്പ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) കൊവിഡ് പോസിറ്റീവായി. മത്സരത്തിന് നാല് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അദ്ദേഹത്തിന് തിരിച്ചെത്താന്‍ സാധിക്കുമെന്ന് ഉറപ്പൊന്നുമില്ല.

സ്ഥിരം ഓപ്പണര്‍ കെ എല്‍ രാഹുല്‍ (KL Rahul) ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. അദ്ദേഹത്തിന് പകരം ശുഭ്മാന്‍ ഗില്‍ ഇറങ്ങുമെന്ന് ഉറപ്പായി. രോഹിത് കളിക്കാന്‍ ആയില്ലെങ്കില്‍ ആര് ഓപ്പണറായെത്തുമെന്നാണ് പ്രധാന ചോദ്യം. പരമ്പരയില്‍ ഇതുവരെ മികച്ച പ്രകടനമാണ് രാഹുല്‍- രോഹിത് സഖ്യം ഇതുവരെ പുറത്തെടുത്തത്. എന്നാല്‍ പുതിയ ഓപ്പണിംഗ് സഖ്യമാണ് അവസാന ടെസ്റ്റിനെത്തുക. 

ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ ആകാശ് ചോപ്ര അത്ര സന്തോഷവാനല്ല. അദ്ദേഹം ഇക്കാര്യം പ്രകടമാക്കുന്നതിങ്ങനെ... ''ഓപ്പണിംഗ് സ്ഥാനത്തേക്ക് ഗില്ലിനൊപ്പം ആര് കളിക്കണമെന്നുള്ള കാര്യത്തില്‍ ഇന്ത്യക്ക് ഒരുപാട് സാധ്യതകളില്ല. ഇക്കാര്യത്തില്‍ എനിക്കൊരിക്കലും തൃപ്തിയില്ല. കാരണം രോഹിത്- രാഹുല്‍ ഓപ്പണിംഗ് സഖ്യം പരമ്പരയിലെ നാല് ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അവരുടെ കഴിവിലാണ് ടീം ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. ഇംഗ്ലീഷ് പിച്ചുകളില്‍ തുടക്കം നന്നാവേണ്ടതുണ്ട്. തുടക്കത്തില്‍ രണ്ട് വിക്കറ്റുകല്‍ നഷ്ടമായാല്‍, പിന്നീട് തിരിച്ചെത്തുക എളുപ്പമായിരിക്കില്ല.'' ചോപ്ര തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ശനിയാഴ്ച നടത്തിയ റാപിഡ് ആന്റിജന്‍ ടെസ്റ്റിലാണ് താരം കൊവിഡ് പോസിറ്റീവായത്. ഐസൊലേഷനിലേക്ക് മാറ്റിയ രോഹിത്തിനെ ഇന്ന് ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയനാക്കും. ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിന് മുന്നോടിയായി ലെസ്റ്റര്‍ഷെയറിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ചതുര്‍ദിന സന്നാഹ മത്സരത്തില്‍ രോഹിത് ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ മൂന്നാം ദിനം ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. ആദ്യ ഇന്നിംഗ്‌സില്‍ 25 റണ്‍സ് നേടിയ താരം റോമന്‍ വോള്‍ക്കറുടെ പന്തില്‍ പുറത്തായി.

പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. കഴിഞ്ഞ നാല് ടെസ്റ്റുകളില്‍ ഇന്ത്യയുടെ മികച്ച ബാറ്റര്‍ രോഹിത് ശര്‍മ്മയായിരുന്നു. ഓവലിലെ സെഞ്ചുറിയടക്കം 52.27 ബാറ്റിംഗ് ശരാശരിയോടെ 368 റണ്‍സ് ഹിറ്റ്മാനുണ്ട്.