ചണ്ഡീഗഡ്: കൊവിഡ് ബാധിതരെ സഹായിക്കാന്‍ ഒരു ലക്ഷം രൂപ സംഭാവന ചെയ്തതിന് പിന്നാലെ ലോക്ക് ഡൌണ്‍ ലംഘിച്ചതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷി ധവാന് പിഴ ചുമത്തി ഹിമാചല്‍ പോലീസ്. സ്വകാര്യ വാഹനത്തില്‍ ബാങ്കില്‍ പോയി മടങ്ങുമ്പോഴാണ് ലോക്ക് ഡൌണ്‍ ലംഘിച്ച കുറ്റത്തിന് ധവാന് പോലീസ് 500 രൂപ പിഴ ചുമത്തിയത്. എതിര്‍പ്പുകളൊന്നുമില്ലാതെ താരം പിഴ നല്‍കാന്‍ തയാറായി.

കൊവിഡ് 19 വൈറസ് രോഗബാധയെ നേരിടാനായി ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞ മാസം 30ന് ധവാന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോവാനായി ആളുകള്‍ക്ക് സര്‍ക്കാര്‍ ഇളവനുവദിച്ചിട്ടുളള പത്തു മുതല്‍ ഒരു മണിവരെയുള്ള സമയത്തുതന്നെയാണ് ബാങ്കിലേക്ക് പോകാനായി വ്യാഴാഴ്ച കാറുമായി ധവാന്‍  പുറത്തിറങ്ങിയത്. 

എന്നാല്‍ സ്വാകാര്യ വാഹനം ഉപയോഗിക്കുമ്പോള്‍ കൈയില്‍ കരുതേണ്ട പാസ് ഇല്ലാത്തതിനാലാണ് പോലീസ് പിഴ ധവാന് ചുമത്തയിത്. ഇന്ത്യക്കായി മൂന്ന് ഏകദിനങ്ങളിലും ഒരു ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള 30കാരനായ ധവാന്‍ ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും മുംബൈ ഇന്ത്യന്‍സിനും വേണ്ടി കളിച്ചിട്ടുണ്ട്.