ദില്ലി: പ്രായത്തില്‍ കൃത്രിമം കാണിച്ചതിന് യുവതാരം മന്‍ജോത് കല്‍റയ്ക്ക് ദില്ലി ഡ്രിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തി. കല്‍റയെ കൂടാതെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നിതീഷ് റാണ, ശിവം മാവി എന്നിവര്‍ക്കെതിരെയും നടപടി വന്നേക്കും. ഇരുവരും പ്രായത്തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

പ്രായാടിസ്ഥാനത്തിലുള്ള മത്സരങ്ങളില്‍ നിന്ന് മാത്രമാണ് കല്‍റയ്ക്ക് വിലക്കുള്ളത്. ഐപിഎല്‍ ഉള്‍പ്പെടെയുള്ള മറ്റ് സീനിയര്‍ ലെവല്‍ ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ താരത്തിന് വിലക്ക് തടസമാകില്ല. ഇന്ത്യ കിരീടം ചൂടിയ 2018 ലെ അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറി നേടിയ താരമാണ് കല്‍റ. ഈ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും കല്‍റയ്ക്കായിരുന്നു. 

പിന്നാലെ നടന്ന ഐപിഎലില്‍ താരത്തെ ഡല്‍ഹി കാപിറ്റല്‍സ് സ്വന്തമാക്കി. എന്നാല്‍ ഈ സീസണില്‍ താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇത്തവണ താരലേലത്തില്‍ കല്‍റയെ മേടിക്കാനും ആളുണ്ടായിരുന്നില്ല. അഭ്യന്തര ക്രിക്കറ്റിലും ഡെല്‍ഹി ടീമിലെ സ്ഥിരാംഗമല്ല കല്‍റ. റാണ, മാവി എന്നിവര്‍ക്കും പ്രായത്തില്‍ കൃത്രിമം കാണിച്ചതിന് പണി കിട്ടിയേക്കുമെന്ന് സൂചനകളുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്രധാന താരങ്ങളാണ് ഇരുവരും. പ്രായത്തട്ടിപ്പിന്റെ കാര്യത്തില്‍ 2015ല്‍ ബിസിസിഐ യുടെ വിലക്ക് നേരിട്ടിട്ടുള്ള താരമാണ് റാണ.