മുംബൈ: ഗൗതം ഗംഭീറിന് പിന്നാലെ എം എസ് ധോണിയെ തള്ളി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദീപ്ദാസ് ഗുപ്ത. ഇത്രയും കാലം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന ധോണിയെ ഇനിയെങ്ങനെ ടീമില്‍ ഉള്‍പ്പെടുത്തുകയെന്ന് ഗുപ്ത ചോദിച്ചു. ഗംഭീറും കഴിഞ്ഞ ദിവസം ഇതേ അഭിപ്രായം പങ്കുവച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ധോണി അവസാനമായി കളിച്ചത്.

ദേശീയ ടീമിലേക്കു തിരികെ വിളിക്കാന്‍ ധോണി ഇപ്പോള്‍ അര്‍ഹനല്ലെന്നാണ് ഗുപ്ത പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''രാജ്യന്തര ക്രിക്കറ്റില്‍ വിട്ടുനിന്ന സമയത്ത് ആഭ്യന്തര ക്രിക്കറ്റെങ്കിലും ധോണി കളിക്കണമായിരുന്നു. ഒമ്പത് മാസത്തോളം ധോണി ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നു. അങ്ങനെയൊരു താരത്തെ എന്തടിസ്ഥാനത്തിലാണ് ടീമില്‍ ഉള്‍പ്പെടുത്തുക..?

സയീദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ എന്നിവയിലെങ്കിലും കളിക്കാമായിരുന്നു. മത്സരരംഗത്ത സജീവായി നില്‍ക്കുകയെന്നത് ഒരു താരത്തെ സംബന്ധിച്ചു വളരെ പ്രധാനമാണ്. കൊവിഡ് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍ ഈ വര്‍ഷം ഐപിഎല്‍ നടക്കുമോയെന്ന കാര്യം സംശയമാണ്.'' മുന്‍ താരം പറഞ്ഞു.