പൂര്‍ണ ഫിറ്റല്ലാഞ്ഞിട്ടും താരത്തെ ടീമിലെടുത്തത് വിവാദമായി. പിന്നാലെ ന്യൂസിലാന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഹാര്‍ദിക്കിനെ ഒഴിവാക്കി. ഇപ്പോള്‍ ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.
മുംബൈ: മോശം സമയത്തിലൂടെയാണ് ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) കടന്നുപോവുന്നത്. ഫിറ്റ്നസ് പ്രശ്നങ്ങളും മോശം ഫോമുമെല്ലാം അദ്ദേഹത്തെ വിടാതെ പിന്തുടരുകയാണ്. പന്തെറിയാനാവുന്നില്ല. ബാറ്റ് ചെയ്യുമ്പോഴാവട്ടെ വലിയ സ്‌കോറുകള്‍ കണ്ടെത്താനാവുന്നുമില്ല. ടി20 ലോകകപ്പിലാണ് ഹാര്‍ദിക്ക് അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്. പൂര്‍ണ ഫിറ്റല്ലാഞ്ഞിട്ടും താരത്തെ ടീമിലെടുത്തത് വിവാദമായി. പിന്നാലെ ന്യൂസിലാന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഹാര്‍ദിക്കിനെ ഒഴിവാക്കി. ഇപ്പോള്‍ ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.
ഇതിനിടെ ന്യൂസിലന്‍ഡിനെതിരായ ടി20 വെങ്കടേഷ് അയ്യര്‍ക്ക് (Venkatesh Iyer) ഇന്ത്യ അവസരം നല്‍കി. സെലക്റ്റര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രകടനം പുറത്തെടുക്കാന്‍ വെങ്കടേഷിനായി. മാത്രമല്ല, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിജയ ഹസാരെ ട്രോഫിയില്‍ മികച്ച ഫോമിലുമാണ് താരം. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ വെങ്കടേഷ് ഉണ്ടാവുമെന്ന് വാര്‍ത്തകളുണ്ട്്. ഇപ്പോള്‍ താരത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സബാ കരീം (Saba Karim).

ഹാര്‍ദിക് പാണ്ഡ്യയുടെ വിടവ് നികത്താന്‍ വെങ്കടേഷിന് കഴിയുമെന്നാണ് കരീം പറയുന്നത്. ''സമീപകാലത്തു വെങ്കടേഷ് നടത്തിയ മികച്ച പ്രകടനങ്ങള്‍ മികച്ചതാണ്. ടീം ഇന്ത്യയില്‍ ഹാര്‍ദിക്കിന്റെ അഭാവം നികത്താന്‍ പോകുന്നത് അവനാണ്. വെങ്കടേഷിനൊപ്പം റിതുരാജ് ഗെയ്കവാദും ഇന്ത്യയുടെ ഏകദിന ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ട്. 2023ലെ ഏകദിന ലോകകപ്പിനു വേണ്ടി നമ്മള്‍ക്കു തയ്യാറെടുപ്പ് ആരംഭിക്കണമെങ്കില്‍ വെങ്കടേഷും റിതുരാജും ടീമിന്റെ ഭാഗമാവണം.
ഇരുവര്‍ക്കും പരമാവധി അവസരങ്ങള്‍ നല്‍കണം. രോഹിത് ശര്‍മയും കെഎല്‍ രാഹുലും കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോവുന്നതിനാല്‍ റുതുരാജിനെ ബാക്കപ്പ് ഓപ്പണറാക്കാം. വെങ്കടേഷാവട്ടെ മധ്യപ്രദേശിനു വേണ്ടി അഞ്ച്, ആറ് പൊസിഷനുകളില്‍ ഇറങ്ങി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഹാര്‍ദികിന്റെ പകരക്കാരനെയാണ് നോക്കുന്നതെങ്കില്‍ അതു നമ്മള്‍ കണ്ടെത്തിക്കഴിഞ്ഞു.'' കരീം പറഞ്ഞു.

പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എല്ലാവരേയും നിരീക്ഷിക്കുന്നുണ്ടാവുവെന്നും കരീം വ്യക്തമാക്കി. ''2023ലെ ലോകകപ്പിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ദ്രാവിഡ് ആരംഭിച്ചിട്ടുണ്ടാവും. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ തനിക്കു ആവശ്യമായ 23-25 കളിക്കാരുടെ ഗ്രൂപ്പിനെക്കുറിച്ച് അദ്ദേഹത്തിനു ധാരണയുണ്ടായിരിക്കും.'' സബാകരീം വിശദീകരിച്ചു.
