Asianet News MalayalamAsianet News Malayalam

പാകിസ്ഥാനില്‍ ഏഷ്യാ കപ്പ് കളിക്കില്ലെന്ന വാക്കുകള്‍; ജയ് ഷായ്‌ക്കെതിരെ ഷാഹിദ് അഫ്രീദി

ജയ് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി

Former Pakistan captain Shahid Afridi critics Jay Shah for Asia Cup 2023 at neutral venue call
Author
First Published Oct 19, 2022, 10:30 AM IST

ലാഹോര്‍: 2023-ലെ ഏഷ്യാ കപ്പിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്‍റുമായ ജയ് ഷായുടെ വാക്കുകള്‍ വലിയ ചര്‍ച്ചയ്‌ക്കാണ് വഴി തുറന്നിരിക്കുന്നത്. ബിസിസിഐ സെക്രട്ടറിയായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ജയ് ഷായുടെ പ്രതികരണം. ഏഷ്യാ കപ്പിനായി ഇന്ത്യ എത്തിയില്ലെങ്കില്‍ അടുത്ത വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി പാക്കിസ്ഥാന്‍ പിന്നാലെ രംഗത്തെത്തിയിരുന്നു. ഇതിനൊപ്പം ജയ് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കടന്നുവന്നിരിക്കുകയാണ് പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. 

'കഴിഞ്ഞ 12 മാസക്കാലം നല്ല സൗഹൃദം ഇരു ടീമുകളും തമ്മിലുണ്ടായിരുന്നത് ഇരു രാജ്യങ്ങളിലും ഊഷ്‌മളത തോന്നിപ്പിച്ചു. ട്വന്‍റി 20 ലോകകപ്പ് മത്സരത്തിന് തൊട്ടുമുമ്പ് ഇത്തരമൊരു പരാമര്‍ശം ബിസിസിഐ സെക്രട്ടറി നടത്തിയത് എന്തുകൊണ്ട്? ക്രിക്കറ്റ് ഭരണപരിചയത്തിന്‍റെ അഭാവം ഇന്ത്യയിലുണ്ട്' എന്നുമായിരുന്നു ജയ് ഷായ്‌ക്കെതിരെ വിരല്‍ചൂണ്ടി അഫ്രീദിയുടെ ട്വീറ്റ്. ജയ് ഷായുടെ വാക്കുകളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പാകിസ്ഥാന്‍ ബാറ്റിംഗ് ഇതിഹാസം സയ്യീദ് അന്‍വര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. 'പാകിസ്ഥാനിലേക്ക് മറ്റെല്ലാ ടീമുകളും താരങ്ങളും വരുമ്പോള്‍ ബിസിസിഐക്ക് മാത്രമെന്താണ് പ്രശ്‌നം. ഏഷ്യാ കപ്പില്‍ ബിസിസിഐക്ക് ന്യൂട്രല്‍ വേദി വേണമെങ്കില്‍ ഇന്ത്യയില്‍ അടുത്ത വര്‍ഷം നടക്കേണ്ട ഏകദിന ലോകകപ്പിനും സ്വതന്ത്ര വേദി വേണം' എന്നായിരുന്നു സയ്യീദ് അന്‍വറിന്‍റെ പ്രതികരണം. 

മുംബൈയിൽ നടന്ന ബിസിസിഐയുടെ 91-ാം വാർഷിക പൊതുയോഗത്തിനിടെയാണ് പാകിസ്ഥാനിൽ ഇന്ത്യ കളിക്കില്ലെന്നും ഏഷ്യാ കപ്പ് മറ്റൊരുവേദിയിലേക്ക് മാറ്റുന്നത് പരിഗണിക്കുമെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്‍റ് കൂടിയായ ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞത്. ഏഷ്യാ കപ്പ് വേദി മാറ്റിയാൽ പാകിസ്ഥാന് വലിയ സാമ്പത്തിക നഷ്ടമുണ്ടാവുമെന്നും ഇന്ത്യ കളിക്കാനെത്തിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും പിസിബി പിന്നാലെ വ്യക്തമാക്കി. ജയ് ഷായുടെ പ്രസ്താവന ചർച്ച ചെയ്യാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്‍റെ യോഗം അടിയന്തരമായി ചേരണമെന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ എസിസി അംഗത്വം ബഹിഷ്കരിക്കാനും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആലോചന തുടങ്ങിയിട്ടുണ്ട്.

ടീം ഇന്ത്യ ഏഷ്യാ കപ്പ് 2023 കളിക്കാന്‍ പാകിസ്ഥാനിലേക്ക് പോകില്ല: ജയ് ഷാ

Follow Us:
Download App:
  • android
  • ios