Asianet News MalayalamAsianet News Malayalam

സച്ചിനല്ല, അക്കാര്യത്തില്‍ ഇന്ത്യന്‍ ടീമിലെ ആരേക്കാളും കേമന്‍ ദ്രാവിഡാണ്; മുന്‍ പാക് ക്യാപ്റ്റന്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നിഴലിലായിപോയ താരമാണ് രാഹുല്‍ ദ്രാവിഡെന്ന് മുന്‍ പാകിസ്ഥാന്‍ താരം റഷീദ് ലത്തീഫ്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ബാറ്റേന്താന്‍ ദ്രാവിഡിന് പ്രത്യേക കഴിവാണെന്നാണ് റഷീദ് പറയുന്നത്.

former pakistan  captain talking on rahul dravid and his ability
Author
Karachi, First Published Jun 7, 2020, 3:37 PM IST

കറാച്ചി: സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നിഴലിലായിപോയ താരമാണ് രാഹുല്‍ ദ്രാവിഡെന്ന് മുന്‍ പാകിസ്ഥാന്‍ താരം റഷീദ് ലത്തീഫ്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ബാറ്റേന്താന്‍ ദ്രാവിഡിന് പ്രത്യേക കഴിവാണെന്നാണ് റഷീദ് പറയുന്നത്. ഒരു യുട്യൂബ് ചാനലിലെ വീഡിയോയിലാണ് ലത്തീഫ് ഇക്കാര്യം പറഞ്ഞത്.

ലത്തീഫ് തുടര്‍ന്നു... ''ഇന്ത്യയ്ക്ക് തുടക്കത്തില്‍ത്തന്നെ വിക്കറ്റ് നഷ്ടമാകുന്ന ഘട്ടങ്ങളിലെല്ലാം ദ്രാവിഡായിരുന്നു രക്ഷകന്‍. അതുകൊണ്ടാണല്ലോ അദ്ദേഹത്തെ വന്‍മതില്‍ എന്ന് വിളിക്കുന്നത്. സച്ചിനാവാട്ടെ തുടക്കം മുതലേ ആക്രമിച്ച് കളിക്കുന്ന കാര്യത്തില്‍ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന താരമാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. എന്നാല്‍ ഇന്ത്യയ്ക്കായി പടുത്തുയര്‍ത്തിയ കൂട്ടുകെട്ടുകളുടെ കണക്കു നോക്കൂ. അപ്പോള്‍ അറിയാം ദ്രാവിഡിന്റെ മികവ്. 

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ്, സൗരവ് ഗാംഗുലി എന്നിവര്‍ക്കെല്ലാം ഒപ്പം ഏറ്റവും കൂടുതല്‍ മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയ താരം ദ്രാവിഡായിരിക്കും. ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടുള്ള താരങ്ങളില്‍വച്ച് സാങ്കേതിക മികവിലും സമ്മര്‍ദ്ദ ഘട്ടങ്ങളിലെ ബാറ്റിങ്ങിലും മറ്റെല്ലാവരേക്കാളും ഒരുപടി മുന്നില്‍നിന്ന താരമാണ് ദ്രാവിഡ്. ദക്ഷിണാഫ്രിക്കയില്‍ ദ്രാവിഡ് നേടിയ കന്നി സെഞ്ചുറിയാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം.''  ലത്തീഫ് പറഞ്ഞു

ലോകത്തിന്റെ ഏതു കോണിലും ഏത് എതിരാളികള്‍ക്കുമെതിരെ റണ്‍സ് നേടാനുള്ള മികവാണ് ദ്രാവിഡിനെ വ്യത്യസ്തനാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്ഥാനുവേണ്ടി 37 ടെസ്റ്റും 166 ഏകദിനവും കളിച്ച താരമാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ ലത്തീഫ്.

Follow Us:
Download App:
  • android
  • ios