ഐപിഎല്ലിലെ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ യുവതാരം വൈഭവ് സൂര്യവന്‍ഷിയെ പാക് ഇതിഹാസം ഷാഹിദ് അഫ്രീദിയുമായി മുഹമ്മദ് യൂസഫ് താരതമ്യം ചെയ്തു. എന്നാല്‍ ഈ താരതമ്യത്തില്‍ ഇന്ത്യന്‍ ആരാധകര്‍ വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തി. അടുത്ത മത്സരത്തില്‍ സൂര്യവന്‍ഷിയെ പൂട്ടാനുള്ള തന്ത്രങ്ങള്‍ ഗുജറാത്ത് ടൈറ്റന്‍സ് മെനയുന്നതായും വാര്‍ത്തയിലുണ്ട്.

ഇസ്ലാമാബാദ്: ഇന്ത്യയുടെ കൗമാര ക്രിക്കറ്റര്‍ വൈഭവ് സൂര്യവന്‍ഷിയാണ് നിലവില്‍ വിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ഐപിഎല്‍ എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി വെറും 29 പന്തില്‍ നിന്ന് 97 റണ്‍സാണ് ഈ യുവവിസ്മയം അടിച്ചുകൂട്ടിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന റെക്കോര്‍ഡിന് തൊട്ടരികിലെത്തിയ സൂര്യവന്‍ഷിയുടെ ഈ പ്രകടനം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിഹാസങ്ങളായ ഡോണ്‍ ബ്രാഡ്മാന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുമായാണ് പ്രമുഖര്‍ ഇപ്പോള്‍ വൈഭവിനെ താരതമ്യം ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാല്‍ പാകിസ്ഥാന്റെ മുന്‍ താരം മുഹമ്മദ് യൂസഫ്, സൂര്യവന്‍ഷിയെ താരതമ്യം ചെയ്തത് മറ്റൊരു പാക് ഇതിഹാസത്തോടാണ്. സൂര്യവന്‍ഷിയെ പ്രശംസിച്ചുകൊണ്ട് മുഹമ്മദ് യൂസഫ് തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചതിങ്ങനെ... ''15-കാരനായ ക്രിക്കറ്റ് വിസ്മയം വൈഭവ് സൂര്യവന്‍ഷി എന്നെ ഓര്‍മ്മിപ്പിക്കുന്നത് യുവത്വവും ഭയമില്ലായ്മയും സ്‌ഫോടനാത്മകതയും നിറഞ്ഞ ഷാഹിദ് അഫ്രീദിയെയാണ്. ക്രിക്കറ്റിന്റെ ഭാവി ഇതാ ഇവിടെയുണ്ട്.'' യൂസഫ് കുറിച്ചിട്ടു.

Scroll to load tweet…

Scroll to load tweet…

വൈഭവിനെപ്പോലെ തന്നെ തന്റെ കരിയറിന്റെ തുടക്കകാലത്ത് ക്രിക്കറ്റ് ലോകത്ത് വലിയ ചലനം സൃഷ്ടിച്ച താരമാണ് ഷാഹിദ് അഫ്രീദി. 1996ല്‍ തന്റെ ആദ്യ ഏകദിന ഇന്നിങ്‌സില്‍ തന്നെ വെറും 37 പന്തില്‍ നിന്ന് അഫ്രീദി സെഞ്ച്വറി നേടിയിരുന്നു. ഏകദേശം 18 വര്‍ഷത്തോളം ഈ റെക്കോര്‍ഡ് തകരാതെ കിടന്നു. എന്നാല്‍ മുഹമ്മദ് യൂസഫിന്റെ ഈ താരതമ്യം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരില്‍ ഒരു വിഭാഗത്തിന് അത്ര ദഹിച്ചിട്ടില്ല. അവര്‍ സോഷ്യല്‍ മീഡിയയിലൂടെ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

സൂര്യവന്‍ഷിയെ പൂട്ടാന്‍ ഗുജറാത്ത് ടൈറ്റന്‍സ്

ഐപിഎല്‍ 2026 ക്വാളിഫയര്‍ 2 മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇറങ്ങുമ്പോള്‍, വൈഭവ് സൂര്യവംശിയെ തളയ്ക്കാനുള്ള കൃത്യമായ പദ്ധതികള്‍ തങ്ങള്‍ക്കുണ്ടെന്ന് ഗുജറാത്ത് ടൈറ്റന്‍സ് അസിസ്റ്റന്റ് കോച്ച് പാര്‍ഥിവ് പട്ടേല്‍ വ്യക്തമാക്കി. പാര്‍ഥിവ് പറഞ്ഞതിങ്ങനെ...''ഞാന്‍ ഇപ്പോള്‍ ഒരു ബ്രോഡ്കാസ്റ്ററല്ല, സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പ്രീ-ഷോയിലും ഇല്ല. അതുകൊണ്ട് ഞങ്ങളുടെ പ്ലാനുകള്‍ എന്താണെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ അവന്‍ ബാറ്റ് ചെയ്യുന്ന രീതി കാണാന്‍ നല്ല ഭംഗിയുണ്ട്. അവനെ എത്രയും പെട്ടെന്ന് പുറത്താക്കാനാകും ഞങ്ങള്‍ ശ്രമിക്കുക. എല്ലാ ടീമുകളും പ്ലാന്‍ ചെയ്യുന്നത് പോലെ ഞങ്ങളും അവന്റെ വീഡിയോകള്‍ കണ്ടിട്ടുണ്ട്.'' പാര്‍ത്ഥിവ് പറഞ്ഞു.

YouTube video player