സുരക്ഷിതമല്ല, പാകിസ്ഥാനിലേക്ക് വരരുത്! ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്‍ പാക് താരത്തിന്റെ മുന്നറിയിപ്പ്
ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെയാണ് ടൂര്‍ണമെന്റ്. 15 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുണ്ടായിരിക്കുക.
കറാച്ചി: അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കേണ്ട ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പങ്കെടുക്കുമോ എന്നുള്ള കാര്യം ഇതുവരെ ഉറപ്പായിട്ടില്ല. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെയാണ് ടൂര്‍ണമെന്റ്. 15 മത്സരങ്ങളാണ് ടൂര്‍ണമെന്റിലുണ്ടായിരിക്കുക. ഏഴ് മത്സരങ്ങള്‍ ലാഹോറില്‍ കളിക്കും. അഞ്ചെണ്ണം റാവല്‍പിണ്ടിയിലും മൂന്ന് മത്സരങ്ങള്‍ക്ക് കറാച്ചിയും വേദിയാകും. ഫൈനലും ലാഹോറിലാണ് നടക്കുക. എന്നാല്‍ പാകിസ്ഥാനിലേക്ക് ടീമിനെ അയക്കേണ്ടെന്നാണ് ബിസിസിഐ നിലപാട്. ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ ദുബായിലോ ശ്രീലങ്കയിലോ നടത്തണമെന്നാണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
ബിസിസിഐ തീരുമാനത്തെ പിന്താങ്ങുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ. ചാംപ്യന്‍സ് ട്രോഫിക്കായി ഇന്ത്യ പാകിസ്ഥാനിലേക്ക് വരരുതെന്നും സുരക്ഷിതമല്ലെന്നുമുള്ള മുന്നറിയിപ്പാണ് കനേരിയ നല്‍കുന്നത്. മുന്‍ പാക് സ്പിന്നറുടെ വാക്കുകള്‍... ''പാകിസ്ഥാനിലെ സാഹചര്യം നോക്കൂ, ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് പോകരുത്. പാകിസ്ഥാനും കൂടി അതിനെ കുറിച്ച് ചിന്തിക്കണം. കളിക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ബഹുമാനമാണ് രണ്ടാമത്തെ മുന്‍ഗണന. ബിസിസിഐ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. അവരുടെ തീരുമാനം എന്തായാലും മറ്റ് രാജ്യങ്ങളും അത് അംഗീകരിക്കേണ്ടിവരും. ഐസിസി അവരുടെ തീരുമാനം എടുക്കും, മിക്കവാറും ചാംപ്യന്‍സ് ട്രോഫി ദുബായില്‍ ഒരു ഹൈബ്രിഡ് മോഡലില്‍ കളിക്കേണ്ടി വരും. സുരക്ഷയാണ് ഏറ്റവും വലിയ ആശങ്ക, ഒരു വലിയ ചോദ്യചിഹ്നം.'' കനേരിയ പറഞ്ഞു.
കര്‍ണാടക പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനം! എന്നിട്ടും സമിത് ദ്രാവിഡ് എങ്ങനെ ഇന്ത്യന്‍ ടീമിലെത്തി
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ - പാകിസ്ഥാന്‍ മത്സരവും നടക്കേണ്ടതുണ്ട്. അനുസരിച്ച് മാര്‍ച്ച് 1ന് ലാഹോറിലാണ് അയല്‍ക്കാരുടെ പോരാട്ടം. ബംഗ്ലാദേശും ന്യൂസിലന്‍ഡും ഉള്‍പ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യയും പാകിസ്ഥാനും. ഗ്രൂപ്പ് എയില്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ ടീമുകളാണ് കളിക്കുന്നത്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്ന ആദ്യ മത്സരം കൂടിയായിരിക്കുമിത്. കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ നടന്ന ഏഷ്യാ കപ്പ് മത്സരങ്ങളില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. പിന്നാലെ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ശ്രീലങ്കയില്‍ നടത്തേണ്ടിവന്നു. 2008ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാകിസ്ഥാനിലേക്ക് പോയിട്ടില്ല.