ഇതുവരെ അഞ്ച് ഇന്നിംഗ്‌സുകള്‍ കളിച്ചപ്പോള്‍ 105 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. എങ്കിലും സീനിയര്‍ താരങ്ങളുടേത് പോലെ വലിയ വിമര്‍ശനങ്ങള്‍ക്ക് പന്ത് ഇരയായിട്ടില്ല. 

 ലാഹോര്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മോശം ഫോമിലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ റിഷഭ് പന്ത്. ഇതുവരെ അഞ്ച് ഇന്നിംഗ്‌സുകള്‍ കളിച്ചപ്പോള്‍ 105 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. എങ്കിലും സീനിയര്‍ താരങ്ങളുടേത് പോലെ വലിയ വിമര്‍ശനങ്ങള്‍ക്ക് പന്ത് ഇരയായിട്ടില്ല. എന്നാലിപ്പോള്‍ പന്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം സല്‍മാന്‍ ബട്ട്. 

പന്തിനെ മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റുമായി താരതമ്യം ചെയ്യുന്നതാണ് ബട്ടിനെ ചൊടിപ്പിച്ചത്. ബട്ടിന്റെ പക്ഷമിങ്ങനെ.. ''ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ റണ്‍സ് കണ്ടെത്താന്‍ പന്ത് വിഷമിക്കുകയാണ്. ഇംഗ്ലീഷ് പിച്ചുകളില്‍ കളിക്കുന്നതിന് ആവശ്യമായ മറ്റു പദ്ധതികളൊന്നും അയാളില്ല. ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് ക്രീസില്‍ ഉറച്ചുനില്‍ക്കാനാണ് പന്ത് ശ്രമിക്കേണ്ടത്. ഇപ്പോഴത്തെ ടെക്‌നിക്കില്‍ മാറ്റം വരുത്തണം. ഇതുമായി അദ്ദേഹത്തിന് മുന്നോട്ട് പോകാനാവില്ല.

2-3 വര്‍ഷത്തെ പരിചയസമ്പത്ത് മാത്രമാണ് പന്തിനുള്ളത്. അത്തരമൊരു താരത്തെ ഗില്‍ക്രിസ്്റ്റുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. ഗില്‍ക്രിസ്റ്റിന്റെ പാതി പോലും ആവാന്‍ പന്തിന് സാധിക്കുന്നുനില്ല. ഗില്ലി ഒരു മാച്ച് വിന്നറായിരുന്നു. തന്റെ കാലത്ത് ലോകോത്തര ബൗളര്‍മാര്‍ക്കെതിരെ അദ്ദേഹത്തിന് ആധിപത്യമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വളരെ കുറച്ച് മുന്‍ നിര പേസര്‍മാര്‍ മാത്രമേയുള്ളൂ പന്ത് ഇതു വരെ വരെ കുറച്ച് മികച്ച ഇന്നിംഗ്‌സുകള്‍ മാത്രമേ അവര്‍ക്കെതിരെ കളിച്ചിട്ടുള്ളൂ. അതുകൊണ്ടുതന്നെ ഈ താരതമ്യം അവസാനിപ്പിക്കണം.'' ബട്ട് പറഞ്ഞു. തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ബട്ട്.

നാലാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ പന്ത് 9 റണ്‍സിന് പുറത്തായിരുന്നു. താരത്തിന്റെ ടെക്‌നിക്കില്‍ ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.