കറാച്ചി: മറ്റൊരു ടീമിനാണ് കളിച്ചിരുന്നെങ്കില്‍ വിരേന്ദര്‍ സെവാഗ് മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നേനെയെന്ന് മുന്‍ പാകിസ്ഥാന്‍ താരം റഷീദ് ലത്തീഫ്. തന്റെ യൂട്യൂബ് ചാനലിലാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറെ കുറിച്ച് സെവാഗ് സംസാരിച്ചത്. കോട്ട് ബിഹൈന്‍ഡ് എന്ന ഷോയിലാണ് സെവാഗിനെ ലത്തീഫ് പ്രശംസിച്ചത്. ടെസ്റ്റില്‍ 8,586ഉം ഏകദിനത്തില്‍ 8,273ഉം റണ്‍സ് നേടി താരമാണ് സെവാഗ്.

ഒന്നിനേയും ഭയപ്പെട്ടിരുന്ന താരമായിരുന്നില്ല സെവാഗെന്നാണ് റഷീദ് പറയുന്നത്. ''പിച്ചിന്റെ സ്വഭാവം, ആരാണ് പന്തെറിയുന്നത് എന്നിവയെല്ലാം പരിശോധിച്ചാണ് ഒരു ബാറ്റ്‌സ്മാന്‍ എങ്ങനെ കളിക്കണമെന്ന് തീരുമാനിക്കുന്നത്. എന്നാല്‍ സെവാഗിന് അതൊന്നും ബാധകമല്ലെന്ന് തോന്നലാണ് എനിക്കുണ്ടായിട്ടുള്ളത്. അയാള്‍ ഒന്നിനേയും ഭയപ്പെട്ടിരുന്നില്ല. മത്സരത്തില്‍ ഇംപാക്റ്റ് ഉണ്ടാക്കുന്ന താരമായിരുന്നു സെവാഗ്. ഇന്ത്യയുടെ സുവര്‍ണ കാലഘട്ടത്തില്‍ കളിച്ച താരങ്ങളിലൊരാള്‍ കൂടിയായിരുന്നു സെവാഗ്. 

ഇന്ത്യക്കല്ല, മറിച്ച് മറ്റൊരു രാജ്യത്തിനു വേണ്ടിയാണ് കളിച്ചിരുന്നതെങ്കില്‍ സെവാഗ് ടെസ്റ്റില്‍ 10,000ത്തിനും മുകളില്‍ റണ്‍സ് നേടുമായിരുന്നു. സച്ചിനും ദ്രാവിഡിനുമൊപ്പമെല്ലാം അദ്ദേഹം കളിച്ചു. അതുകൊണ്ടു തന്നെ ഇവരുടെ നിഴലായി സെവാഗ് മാറുകയും ചെയ്തു. ഇന്ത്യന്‍ ടീമില്‍ വമ്പന്‍ പേരുകളുണ്ടായിരുന്നിട്ടും സെവാഗിനെ ബൗളര്‍മാര്‍ക്ക് പേടിയായിരുന്നു. 

ബാറ്റ് ചെയ്യുമ്പോള്‍ സെവാഗിന്റെ കാലിന്റെ മൂവ്മെന്റ് ശരിയല്ലെന്നു കളിച്ചിരുന്ന കാലത്ത് പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ചില ബൗളര്‍മാര്‍ മുതലെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ സെവാഗിന്റെ ബാറ്റിങ് ശൈലിയില്‍ തനിക്കൊരു കുഴപ്പവും തോന്നിയിട്ടില്ല.'' റഷീദ് പറഞ്ഞുനിര്‍ത്തി.