ലാഹോര്‍: നിലവില്‍ ലോക ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വെല്ലാനാരുമില്ലെന്ന് മുന്‍ പാകിസ്താന്‍ താരം മുഹമ്മദ് യൂസുഫ്. ട്വിറ്ററില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു യൂസുഫ്. കോലിയെ ഒറ്റവാക്കില്‍ എന്തുപറയുമെന്നുള്ള ആരാധകന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു യൂസുഫ്. ഇപ്പോഴത്തെ ഒന്നാം നമ്പര്‍ താരമെന്നായിരുന്നു യൂസുഫിന്റെ മറുപടി.

റിക്കി പോണ്ടിംഗ്, കുമാര്‍ സംഗക്കാര, ബ്രയാന്‍ ലാറ, ജാക്വസ് കല്ലിസ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇവരില്‍ ആരാണ് മികച്ചതെന്ന ചോദ്യത്തിന്‍ സച്ചിന്‍ എന്നായിരുന്നു യൂസുഫിന്റെ മറുപടി. ലാറയേക്കാള്‍ കേമനാണ് സച്ചിനെന്നായിരുന്നു യൂസുഫിന്റെ മറുപടി. ലാറയാണ് രണ്ടാം സ്ഥാനത്ത്. മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് മൂന്നാമതും കല്ലിസ് നാലാം സ്ഥാനത്തുമാണ്. മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയക്ക് അഞ്ചാം സ്ഥാനമാണ് യൂസുഫിന്റെ പട്ടികയില്‍.

ആധുനിക ക്രിക്കറ്റില്‍ ഫാബ് ഫോറിന്റെ പട്ടികയില്‍ നിന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടിനെ പുറത്താക്കിയിട്ടുമുണ്ട് യൂസുഫ്. ബാബര്‍ അസം, വിരാട് കോലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് യൂസുഫിന്റെ പട്ടികയിലെ നാല് പേര്‍.