കറാച്ചി: ഇന്ത്യന്‍ ക്യാപ്റ്റന്‍മാരെ പുകഴ്ത്തി മുന്‍ പാകിസ്ഥാന്‍ താരം മുഷ്താഖ് അഹമ്മദ്. ക്യാപ്റ്റന്‍മാരുടെ മിടുക്ക് തന്നെയാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിനെ ഇത്രയും മികച്ച പ്രകടനം നടത്താന്‍ സഹായിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ പാതയിലാണ് വിരാട് കോലിയെന്ന് അദ്ദേഹം പറഞ്ഞു.

കോലി ക്യാപ്റ്റന്‍സി കൊള്ളില്ലെന്ന് അഭിപ്രായം ഉയരുമ്പോവാണ് മുഷ്താഖ് അഹമ്മദിന്റെ തുറന്നുപറച്ചില്‍. ''ധോണി നായകസ്ഥാനമൊഴിഞ്ഞ ശേഷം മൂന്നു ഫോര്‍മാറ്റിലും മികച്ച രീതിയിലാണ് കോലി ഇന്ത്യയെ നയിക്കുന്നത്. വലിയ ഐസിസി ടൂര്‍ണമെന്റിലൊന്നും ജയിക്കാന്‍ സാധിച്ചില്ലെങ്കിലും കോലി ഇതിനോടകം കഴിവ് തെളിയിച്ചുകഴിഞ്ഞു.

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീമാണ് ഇന്ത്യ. ബൗളര്‍മാരെ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ ടീമിന് കഴിയുന്നുവെന്നുള്ളതാണ് പ്രധാനം. ബൗളര്‍മാരെ ശരിയായി ഉപയോഗിക്കുന്ന കാര്യത്തില്‍ മിടുക്കനായിരുന്ന ധോണി. ഇപ്പോള്‍ കോലിയും ഇതുതന്നെയാണ് ചെയ്യുന്നത്.'' മുഷ്താഖ് പറഞ്ഞു. 

യൂസ്‌വേന്ദ്ര ചാഹല്‍ ക്രീസ് നന്നായി ഉപയോഗിക്കണമെന്ന ഉപദേശവും മുഷ്താഖ് നല്‍കി. ബാറ്റ്സ്മാന്റെ കരുത്ത് അനുസരിച്ച് ഫീല്‍ഡിങ് പൊസിഷനെക്കുറിച്ചും മനസിലാക്കണമെന്നും മുഷ്താഖ് കൂട്ടിച്ചേര്‍ത്തു.